ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും
text_fieldsകോട്ടയം: അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ഇടതു മുന്നണിയിൽ ചേക്കേറുന്ന കാര്യത്തിൽ നേതൃയോഗം അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം ഉണ്ടാകുക.
ജോസ് കെ മാണി വിഭാഗം നേതാവും എം.എൽ.എയുമായ റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് നേതൃയോഗം നീണ്ടുപോയത്. ജോസ് കെ മാണി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനുമായി നിരവധി തവണ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച സി.പി.ഐ നിലപാടിൽ മയം വരുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ എൻ.സി.പി ഇപ്പോഴും ജോസ് വിഭാഗം മുന്നണിയിൽ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

