അട്ടപ്പാടി ഫാമിന്റെ ഉടമകളായ ആദിവാസികൾക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ഐ.ടി.ഡി.പി ഓഫിസർ
text_fieldsകോഴിക്കോട് : അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ അംഗങ്ങളായ ആദിവാസികൾക്ക് ശമ്പള കുടിശ്ശിക നൽകാമെന്ന് ഐ.ടി.ഡി.പി ഓഫിസർ. ഫാമിലെ ആദിവാസി കുടുംബങ്ങൾ പട്ടിണിയിലും ദുരിതത്തിലുമായപ്പോഴാണ് സമരം പ്രഖ്യാപിച്ചത്. പണിക്കൂലി നൽകി പട്ടിണി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈമാസം 15ന് സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി ഭാരത് മഹാസഭ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ചർച്ചക്ക് വിളിച്ചത്.
ഐ.ടി.ഡി.പി ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ മാസം 28 ന് മുമ്പ് നാലു മാസത്തെ ശമ്പള കുടിശ്ശിക നൽകാമെന്ന് ഉറപ്പ് നൽകി. മാർച്ച് എട്ടിന് (ശിവരാത്രിക്ക്) മുൻപ് മുഴുവൻ ആനുകൂല്യവും വിതരണം ചെയ്യുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്തുമെന്നും ചർച്ചയിൽ ഐ.ടി.ഡി.പി ഓഫിസർ ഉറപ്പ് നൽകി. ഫാമിങ് സൊസൈറ്റിയുടെ ഡയറക്‌ടർ ബോർഡ് യോഗം അടിയന്തിരമായി വിളിച്ച് ചേർക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും യോഗത്തിൽ തീരുമാനിച്ചു. 28 ന് ശമ്പള കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സമരം നടത്തുന്നത് സംബന്ധിച്ച് പുനരാലോചന നടത്തുമെന്നും പങ്കെടുത്ത ബോർഡ് അംഗങ്ങൾ യോഗത്തെ അറിയിച്ചു.
അടിമതുല്യം ജീവിച്ചിരുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് അട്ടപ്പാടിയിൽ 1970 കളുടെ അവസാനം ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. 420 കുടുംബങ്ങൾക്ക് അഞ്ച് ഏക്കർ വീതം ഭൂമി നൽകുകയായിരുന്നു പദ്ധതി. അഞ്ച് വർഷം കൊണ്ട് നാണ്യവിള തോട്ടങ്ങളാക്കി ആദിവാസികൾക്ക് ഭൂമി നൽകാൻ തീരുമാനിച്ച പദ്ധതിയാണിത്. എന്നാൽ, കാലങ്ങളായി ഉദ്യോഗസ്ഥ സംഘത്തിന് കോടികൾ കൊള്ളയടിക്കുന്നതിനുള്ള ഇടമായി ഫാമിങ് സൊസൈറ്റി. സ്വന്തം പട്ടയ ഭൂമിയുടെ ഉടമകളായ ആദിവാസികൾ ഫാമിലെ കൂലിക്കാരായി.
ഫാമിലെ വിവിധ കൃഷികൾ പരിപാലിക്കാതെ കാടുകയറി നശിച്ചു. നാണ്യവിളകൾ യഥാസമയം വിള വെടുക്കാതെ തോട്ടത്തിൽ നന്നെ കൊഴിഞ്ഞു വീഴുകയാണ്. വരടിമല, കുറുക്കൻകുണ്ട് പ്രദേശത്തെ തോട്ടങ്ങളിലെ താമസക്കാരായിരുന്ന 170 കുടുംബങ്ങൾ വീടും മറ്റും ഉപേക്ഷിച്ച് കോളനികളിലേക്ക് പാലായനം ചെയ്തു. ഭൂമി ഇതിനിടെ സ്വകാര്യകമ്പനിക്ക് കൈമാറിുന്നതിന് മുൻ സബ്കലക്ടറുടെ ഒത്തോശയോടെ ഉദ്യോഗസ്ഥർ കരാർ ഉറപ്പിച്ചതാണ്. ആദിവാസികൾ കരാറിനെതിരെ ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതി ഇടപെട്ടതോടെയാണ് സർക്കാർ കരാർ റദ്ദാക്കിയത്. വലിയ നഷ്‌ടത്തലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തുന്നത്. നിലവിൽ 37 കോടിയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. അട്ടപ്പാടിയിലെ ഫാം ലോകത്തിനു തന്നെ മാതൃകയാണെന്നും, “ഭവാനിയുടെ തീരത്തെ നിശബ്ദ വിപ്ലവം" എന്നെല്ലാം പത്രക്കാരെ സ്വാധീനിച്ച് വാർത്തകളെഴുതി ആദിവാസികളെ വഞ്ചിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും ബോർഡ് അംഗങ്ങൾ മാധ്യമം ഓൺ ലൈനോട് പറഞ്ഞു.
ചർച്ചയിൽ ഐ.ടി.ഡി.പി ഓഫിസർ വി.എം.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു, അസി. ഓഫിസർ കെ.എ സാദിക്കലി, ഫാമിങ് സൊസൈറ്റി ബോർഡ് അംഗങ്ങളായ എം. ശിവദാസ്, കെ.കെ മണി, ഉഷ, ശാന്തി, നഞ്ചി തുടങ്ങയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

