Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇന്ത്യ തോറ്റ’യിടത്ത്...

‘ഇന്ത്യ തോറ്റ’യിടത്ത് ക്ഷയരോഗത്തോട് പൊരുതി ലക്ഷദ്വീപ് ജയിച്ചതെങ്ങനെ? ലോകാരോഗ്യ സംഘടനയെപ്പോലും ഞെട്ടിച്ച ‘മാതൃക’. നേട്ടത്തിന് പിന്നിലെ മലയാളി ഡോക്ടർ!...

text_fields
bookmark_border
‘ഇന്ത്യ തോറ്റ’യിടത്ത് ക്ഷയരോഗത്തോട് പൊരുതി ലക്ഷദ്വീപ് ജയിച്ചതെങ്ങനെ? ലോകാരോഗ്യ സംഘടനയെപ്പോലും ഞെട്ടിച്ച ‘മാതൃക’. നേട്ടത്തിന് പിന്നിലെ മലയാളി ഡോക്ടർ!...
cancel

ആധുനിക വൈദ്യശാസ്ത്രം ലോകം കീഴടക്കിയിട്ടും മനുഷ്യരാശിക്ക് മുന്നിൽ ഇപ്പോഴും തോൽക്കാതെ നിൽക്കുന്ന ഒരു മഹാമാരിയുണ്ട്; ക്ഷയരോഗം. 2025ഓടെ രാജ്യം ക്ഷയമുക്തമാക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ലക്ഷ്യം കാണാതെ നീണ്ടുപോകുമ്പോൾ, അറബിക്കടലിലെ ഒരു കൊച്ചു ദ്വീപ് സമൂഹം ലോകത്തിന് തന്നെ മാതൃകയായി ചരിത്രം കുറിക്കുകയാണ്.

ഇന്ത്യയിൽ ആദ്യമായി ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശമായി ലക്ഷദ്വീപ് മാറിയത് അദ്ഭുതത്തോടെയാണ് ആരോഗ്യലോകം നോക്കിക്കാണുന്നത്. വെല്ലുവിളികൾ നിറഞ്ഞ ഈ ദൗത്യത്തിന് പിന്നിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി തന്ത്രങ്ങൾ മെനഞ്ഞത് ഡോ. പി.എസ്. രാകേഷ് എന്ന മലയാളിയായിരുന്നു.

അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യം ദ്വീപുനിവാസികൾ എങ്ങനെ കൈപ്പിടിയിലൊതുക്കി എന്ന് തന്റെ പുതിയ പുസ്തകമായ ‘എക്കോസ് ഫ്രം ദി അതോൾസ്’ (Echoes from the Atolls)-ലൂടെ ഡോ. രാകേഷ് പങ്കുവെക്കുന്നു. ആ പോരാട്ടത്തിന്റെ കഥ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ഡോ. പി.എസ്. രാകേഷ് സഹപ്രവർത്തകർക്കൊപ്പം (ഫയൽ ചിത്രം)


ദ്വീപിലേക്ക് എത്തിയത് എങ്ങനെ?

ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയിൽ കേന്ദ്ര സർക്കാരിനെ സഹായിക്കാൻ ലോകാരോഗ്യ സംഘടനയുടെ ഒരു ടെക്നിക്കൽ സപ്പോർട്ട് നെറ്റ്‌വർക്ക് ഉണ്ട്. അതിന്റെ ഭാഗമായിട്ടുള്ള മെഡിക്കൽ കൺസൾട്ടന്റ് ആയിട്ടാണ് ഞാൻ ദ്വീപിൽ എത്തിയത്. കേരള സർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക സഹായങ്ങൾ നൽകുക എന്നുള്ളതായിരുന്നു എന്റെ ഉത്തരവാദിത്വം.


ആരോഗ്യമേഖലയിൽ ടി.ബിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയത് എങ്ങനെ? ആ മേഖല തിരഞ്ഞെടുത്തതാണോ, അതോ യാദൃശ്ചികമായി എത്തിയതാണോ?

സി.എം.സി വെല്ലൂരിൽ നിന്ന് കമ്മ്യൂണിറ്റി മെഡിസിൻ പഠനം പൂർത്തിയാക്കി പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് തുടക്കം ഞാൻ പ്രവർത്തിച്ചിരുന്നത്. കുറച്ചുകൂടി ചിട്ടയായ ഒരു ദേശീയ പദ്ധതിയിൽ പ്രവർത്തിക്കണം എന്ന് തോന്നലിലാണു ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായത്. ക്ഷയരോഗ നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നത് വിശാലമായ ആശയം കൂടിയാണ്. ക്ഷയരോഗമില്ലാത്ത പ്രദേശം എന്ന് പറയുമ്പോൾ അവിടെ ദാരിദ്ര്യമില്ലാത്ത, പോഷകാഹാരക്കുറവില്ലാത്ത, പുകവലി മദ്യപാനം എന്നിവയുടെ അമിത ഉപയോഗം ഇല്ലാത്ത, എല്ലാവർക്കും തുല്യമായി ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പുള്ള, പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തിയ പ്രദേശം എന്നിങ്ങനെ പല അർഥങ്ങളുണ്ട്. ചുരുക്കം ക്ഷയരോഗം ഇല്ലാതാകുക എന്നത് നാടിന്റെ സമഗ്ര വികസനം തന്നെയാണ്. അതിനാൽ അതിൽ പ്രവർത്തിക്കുക എന്നത് സന്തോഷമുള്ളതായിരുന്നു.


ഭരണ, ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത

യജ്ഞം വിജയത്തിലെത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അന്ന് അവിടുത്തെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ഡോക്ടർ ഷംസുദ്ദീൻ, ടി.ബി ഓഫീസർ ഡോക്ടർ മുഹമ്മദ് ജലീൽ എന്നിവരായിരുന്നു. ഇവർ ദ്വീപുകാർ തന്നെ ആയതുകൊണ്ട് അവിടുത്തെ കാര്യങ്ങളിൽ കൃത്യമായ അറിവുണ്ടായിരുന്നു. ഇവരുടെ നേതൃത്വം പ്രധാനപ്പെട്ട ഘടകമായിരുന്നു. മറ്റൊന്ന് ഓരോ ദ്വീപിലുമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആശമാർ എല്ലാവരും അതാത് ദ്വീപ് നിവാസികൾ തന്നെയായിരുന്നു എന്നതാണ്. അവർക്ക് പ്രദേശവും ആളുകളേയും കൃത്യമായി അറിയാം.

പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ആയിരുന്നു മറ്റൊന്ന്. ലോക്കലായി കസ്റ്റമൈസ് ചെയ്താണ് സ്ട്രാറ്റജി ഉണ്ടാക്കിയത്. സാധാരണ ഒരു അർബൻ ഏരിയയിൽ ഉണ്ടാക്കുന്ന സ്ട്രാറ്റജിയോ ദേശീയ സ്ട്രാറ്റജിയോ അതേപോലെ എടുത്ത് പകർത്താതെ എന്താണ് അവിടെ ഏറ്റവും യോജിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ സ്ട്രാറ്റജി ഡോക്യുമെന്റ് ഉണ്ടാക്കിയത്. അത് 2018ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തന്നെ എൻഡോഴ്സ് ചെയ്യുകയും നടപ്പാക്കാൻ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതായിരുന്നു മറ്റൊന്ന്.

വലിയ ജനകീയ പങ്കാളിത്തം ഇതിലെല്ലാം ഉണ്ടായിരുന്നതായിരുന്നു മറ്റൊരു പ്രധാന ഘടകം. സ്ത്രീകളെല്ലാം എജുക്കേറ്റഡും എംപവേർഡും ആണ്. സ്വയം തീരുമാനമെടുക്കാൻ കഴിയുന്നതിനാൽ അവർക്ക് ഒരു ടെസ്റ്റ് നടത്തണമെങ്കിലോ ആശുപത്രിയിൽ പോകണമെങ്കിലോ ആരോടും ചോദിക്കേണ്ട കാര്യമില്ലായിരുന്നു. ഇപ്പോഴും മരുമക്കത്തായം നിലനിൽക്കുന്ന ഒരു സ്ഥലമാണ്. ആശമാർ വീടുകളിൽ ചെല്ലുമ്പോൾ അവരോട് പൂർണാർഥത്തിൽ സഹകരിച്ചു.

ഓരോ ദ്വീപിലും ഓരോ മെഷീൻ എന്ന രീതിയിലായിരുന്നില്ലെങ്കിൽ നമുക്ക് ഒരിക്കലും ഈ നേട്ടം കൈവരിക്കാൻ സാധിക്കില്ലായിരുന്നു. ഓരോ ദ്വീപിലും ടിബി ടെസ്റ്റ് ചെയ്യുന്ന ഒരു മെഷീൻ വേണം എന്നുള്ളത് തന്നെയായിരുന്നു. കാരണം നേരത്തേ പറഞ്ഞതുപോലെ അറബിക്കടൽ ക്രോസ് ചെയ്ത് സ്പൂട്ടം സാമ്പിളുകൾ നമുക്ക് എത്തിക്കാൻ സാധിക്കില്ല. അതിന് കേന്ദ്ര സർക്കാറിന്‍റെ സഹായത്തോടെ ഓരോ ദ്വീപിലും ഓരോ ട്രൂനാറ്റ് മെഷീനുകൾ ലഭ്യമാക്കി. ഇതെല്ലാം പോപ്പുലേഷൻ നോംസിന് വിരുദ്ധമായിട്ടാണെങ്കിലും സാഹചര്യവും ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയായിരുന്നനു ഇടപെടൽ. ഓരോ ദ്വീപിനും സ്വന്തമായി തന്നെ സ്പൂട്ടം പരിശോധന നടത്താൻ പറ്റുന്ന അവസ്ഥയിലേക്ക് എത്തി. ഇക്കാര്യങ്ങളെല്ലാം ഇതിന്‍റെ പിന്നിലെ വലിയ ഘടകങ്ങളാണ്.

ബോധവത്കരണ ക്ലാസിനിടെ

യജ്ഞം വിജയത്തിലെത്തിയതിന്‍റെ കാരണം

ടി.ബി പ്രോഗ്രാമിന്‍റേതായി മാത്രം അവിടെ ആകെ ഉള്ളത് നാല് സ്റ്റാഫുകളായിരുന്നു, മാലിക് മുസ്തഫ ഖാൻ, റൗഫ്, താഹിർ, ഷമീന. ഇവർ വിചാരിച്ചാൽ ഈ 10 ദ്വീപുകളിലും ഓടിയെത്തി കാര്യങ്ങൾ ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ അവിടെയുള്ള പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുമായി ഇതിനെ കൃത്യമായി ഇന്റഗ്രേറ്റ് ചെയ്തായിരുന്നു പ്രവർത്തനം. ഓരോ ദ്വീപിലുമുള്ള മെഡിക്കൽ ഓഫീസർമാരും ഫീൽഡ് ഉദ്യോഗസ്ഥരും ആശമാരും ഒരുമിച്ചാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതായിരുന്നു ടിബി പ്രോഗ്രാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. അത് വിജയം കണ്ടതിനാലാണ് ഓരോരുത്തരിലേക്കും എത്താൻ അവർക്ക് സാധിച്ചത്.

2018ൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കടമത്ത് ദ്വീപിൽ വെച്ച് നടന്ന 4000 ആളുകൾ പങ്കെടുത്ത ഒരു ഹെൽത്ത് മേളയിൽ ദ്വീപിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സാക്ഷിയാക്കിയാണ് ലക്ഷദ്വീപ് സ്ട്രാറ്റജി ഡോക്യുമെന്റ് പ്രകാശനം ചെയ്തത്. കേരളം കഴിഞ്ഞാൽ അന്ന് ഇന്ത്യയിൽ തന്നെ ഈ സ്ട്രാറ്റജി ഡോക്യുമെന്റ് സ്വന്തമായി ഉണ്ടാക്കി പ്രകാശനം ചെയ്തത് ലക്ഷദ്വീപിലാണെന്നാണ് എന്റെ ഓർമ. അതൊരു ഭരണ സംവിധാനത്തിന്റെയും ആരോഗ്യ സംവിധാനത്തിന്റെയും നല്ലൊരു മാതൃകയായി തോന്നിയിട്ടുണ്ട്. ഉദ്യോഗസ്ഥരെല്ലാം ദ്വീപുകാരായതുകൊണ്ട് കടപ്പുറത്തിരുന്ന് ദിവസങ്ങളോളം ചർച്ച ചെയ്തിട്ടാണ് സ്ട്രാറ്റജി ഡോക്യുമെന്റ് തയ്യാറാക്കി പ്രകാശനം ചെയ്തത്.


യജ്ഞത്തിൽ നേരിട്ട വെല്ലുവിളികൾ

യജ്ഞത്തിന് മുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി അവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെയായിരുന്നു. അറബിക്കടലിന്റെ നടുവിലുള്ള 10 ചെറുദ്വീപുകളിലായി ഏകദേശം 12,000 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഈ ദ്വീപുകളിലെല്ലാം എത്തിപ്പെടുക പലപ്പോഴും എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് മൺസൂൺ കാലത്ത്. വർഷത്തിൽ ഏകദേശം അഞ്ചുമാസത്തോളം ഒരു തരത്തിലും അവിടേക്ക് എത്തിപ്പെടാൻ സാധിക്കില്ല. ദ്വീപുകൾ തമ്മിലും നല്ല ദൂരമുണ്ട്.

ക്ഷയരോഗ പരിശോധനയ്ക്കായി സ്പൂട്ടം സാമ്പിളിന്റെ അഡ്വാൻസ്ഡ് ടെസ്റ്റ് നടത്തണമെങ്കിൽ ആ സാമ്പിളുകൾ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കേണ്ടിവരും. ചിലപ്പോൾ അതിന് ആഴ്ചകൾ എടുക്കും. മൺസൂൺ സമയത്താണെങ്കിൽ അതും സാധ്യമാകില്ല. ഇതായിരുന്നു അവിടെ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന്.

പോപ്പുലേഷൻ നോംസ് അനുസരിച്ചാണ് സാധാരണ ഓരോ പദ്ധതികളും രൂപീകരിക്കുന്നത്. ഒരു ലക്ഷം ജനസംഖ്യയ്ക്ക് ഒരു മെഷീൻ എന്ന രീതിയിലാണ് പൊതുവെ കണക്കുകൂട്ടൽ. എന്നാൽ ദ്വീപ് പോലുള്ള ഡിഫിക്കൾട്ട് ജിയോഗ്രഫിയിൽ അത് പ്രായോഗികമല്ല. ഒരു ലക്ഷം ജനസംഖ്യയ്ക്ക് ഒരു മെഷീൻ മാത്രമാണെങ്കിൽ 10 ദ്വീപുകളിൽ നിന്നുള്ള സാമ്പിളുകൾ അതിലെത്തിക്കുക എളുപ്പമല്ല. അതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. പലപ്പോഴും പ്രതീക്ഷിക്കുന്ന സമയത്ത് ഷിപ്പുകളോ വെസലുകളോ ലഭിക്കാറുമില്ല. അമിനി ദ്വീപിൽ നിന്ന് കടമത്ത് ദ്വീപിലേക്ക് പലതവണ ഞാൻ മത്സ്യബന്ധന ബോട്ടിലാണ് യാത്ര ചെയ്തിട്ടുള്ളത്.


ജനങ്ങളുടെ സഹകരണം

ജനങ്ങളുടെ പങ്കാളിത്തം തന്നെയായിരുന്നു ഈ ദൗത്യത്തിന്റെ ഏറ്റവും പ്രധാന ഘടകം. ഇതിനെ ഒരു ആരോഗ്യ പദ്ധതിയായല്ല അവിടെ നടപ്പാക്കിയത്. ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് അതിനെ മാറ്റിയത്. ജനങ്ങളും അഡ്മിനിസ്ട്രേഷനും ആരോഗ്യപ്രവർത്തകരും ദേശീയ ആരോഗ്യ മിഷനും ചേർന്ന് യജ്ഞത്തെ ഒരു 'പീപ്പിൾസ് മൂവ്‌മെന്റാക്കി' മാറ്റി.

10 ദ്വീപുകളിലും ദ്വീപുതല ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മതനേതാക്കൾ, സാമൂഹിക നേതാക്കൾ, യൂത്ത് ക്ലബ് പ്രതിനിധികൾ, സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ, സ്ത്രീ പ്രതിനിധികൾ തുടങ്ങി 10 മുതൽ 15 പേർവരെ ഓരോ ടാസ്ക് ഫോഴ്സിലും ഉണ്ടായിരുന്നു. അവർ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായസഹകരണങ്ങൾ ഉറപ്പാക്കുകയും ചെയ്തു.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. ആരോഗ്യവകുപ്പിന് എന്തെങ്കിലും പ്രയാസമുണ്ടായാൽ ടാസ്ക് ഫോഴ്സുകൾ ഇടപെട്ടിരുന്നു. വില്ലേജ്, ദ്വീപ് പഞ്ചായത്ത് പ്രതിനിധികളുടെ പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്. ജനങ്ങൾക്കിടയിൽ ദ്വീപ് പഞ്ചായത്തിനുള്ള സ്വാധീനം വളരെ വലുതാണ്. ആരെങ്കിലും ചികിത്സ പൂർത്തിയാക്കാതിരുന്നാൽ വീട്ടിലെത്തി ചികിത്സ തുടരാൻ പ്രേരിപ്പിക്കുന്നതും സഹകരിക്കാത്തവരെ ബോധ്യപ്പെടുത്തി സഹകരിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ ദ്വീപ് പഞ്ചായത്ത് പ്രതിനിധികൾ മുൻകൈയെടുത്തു. ക്ഷയരോഗത്തിനെതിരെ എങ്ങനെയാണ് ഒരു ജനകീയ മുന്നേറ്റം നടക്കേണ്ടതെന്ന് ലക്ഷദ്വീപ് മാതൃകയായി കാണിച്ചുതന്നു.


ദ്വീപിൽ നടത്തിയ പ്രത്യേക പരിപാടികൾ

ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം ആശമാർ വീടുവീടാന്തരം കയറിയിറങ്ങി രോഗലക്ഷണങ്ങൾ പരിശോധിക്കുകയും ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായിരുന്നു. ശേഖരിച്ച സാമ്പിളുകൾ ഓരോ ദ്വീപിലും സജ്ജമാക്കിയ മെഷീനുകളിൽ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കി.

എല്ലാ വർഷവും ഈ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കിയതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഫലമായി കേസുകൾ ഗണ്യമായി കുറഞ്ഞുവരികയും പിന്നീട് ഒരുവേള പുതിയ കേസുകൾ കണ്ടെത്താതാകുകയും ചെയ്തു.

ഇത് വിജയകരമായി നടപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു പ്രധാന കാര്യം. ടാസ്ക് ഫോഴ്സുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സൃഷ്ടിച്ചു. ഒന്നും അടിച്ചേൽപ്പിച്ചില്ല. ദ്വീപ് ജനതയോടൊപ്പം ഇരുന്ന് അവരുടെ നിർദേശങ്ങൾ സ്വീകരിച്ച്, അവരുടെ ഓണർഷിപ്പിൽ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ഉൾപ്പെടുത്തിയ സ്ട്രാറ്റജി ഡോക്യുമെന്റാണ് തയ്യാറാക്കിയത്.


ഏതു തരം രോഗമായിരുന്നു കൂടുതൽ?

പൊതുവേ ക്ഷയരോഗ നിരക്ക് കുറഞ്ഞ പ്രദേശമാണ് ദ്വീപ്. നല്ല കാറ്റും വെളിച്ചവും ഉള്ളതിനാൽ സമൂഹത്തിലെ ട്രാൻസ്മിഷൻ കുറവായിരിക്കും. എന്നാൽ വീട്ടിനുള്ളിലാണ് ട്രാൻസ്മിഷൻ കൂടുതലായി നടക്കുന്നത്. തുടക്കത്തിൽ പ്രമേഹരോഗികളിലും പ്രായമായവരിലുമാണ് കൂടുതലായി ടി.ബി. കണ്ടെത്തിയിരുന്നത്. പിന്നീട് വർഷങ്ങളോളം ആക്ടീവ് കേസ് ഫൈൻഡിങ് നടത്തിയതിന്റെ ഫലമായി രോഗികളുടെ എണ്ണം കുറഞ്ഞു. എക്സ്ട്രാ പൾമണറി ടി.ബി. മിക്കപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലാണ് ഡയഗ്നോസ് ചെയ്തിരുന്നത്. അവ പിന്നീട് റിപ്പോർട്ട് ചെയ്യുകയും കണക്കിലെടുക്കുകയും ചെയ്തിരുന്നു.

ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കപ്പെട്ട ദ്വീപിലെ ഇന്നത്തെ സാഹചര്യം. കണക്കുകൾ ആശ്വാസത്തിന് വക നൽകുന്നതാണോ?

ക്ഷയരോഗമുക്തമാകുക എന്നതുകൊണ്ട് ബാക്ടീരിയയെ പൂർണമായും ഉന്മൂലനം ചെയ്യുക എന്നതായിരുന്നില്ല ലക്ഷ്യം. മറിച്ച്, ക്ഷയരോഗം കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൂർണമായും ഇല്ലാതാക്കുക എന്നതായിരുന്നു. ക്ഷയരോഗം കാരണം ആരും മരണപ്പെടാതിരിക്കുക, ഒരു കുട്ടിയും അനാഥരാകാതിരിക്കുക, ആർക്കും വിവേചനം നേരിടേണ്ടിവരാതിരിക്കുക, ഒരു കുടുംബത്തിനും അമിത സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

2017 മുതൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും ഓരോ വീട്ടിലും കയറിയിറങ്ങി വർഷംതോറും തുടർച്ചയായി ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള ആക്ടീവ് സ്ക്രീനിങ് നടത്തി. ഇതിലൂടെ കേസുകൾ നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സാധിച്ചു. അതിന്റെ ഫലമായി ട്രാൻസ്മിഷൻ ഗണ്യമായി കുറയുകയും വർഷംതോറും കേസുകൾ കുറഞ്ഞുവരികയും ചെയ്തു. ദേശീയ ശരാശരിയിൽ ഒരു ലക്ഷം ജനസംഖ്യയിൽ 200 ക്ഷയരോഗികളാണെങ്കിൽ, ലക്ഷദ്വീപിൽ നിലവിൽ അത് 20ൽ താഴെയാണ്. അതായത്, ഒരു ലക്ഷം ജനസംഖ്യയിൽ 20ൽ താഴെ എന്ന നിരക്കിലാണ് ഇപ്പോഴത്തെ ശരാശരി.

ലോകാരോഗ്യ സംഘടനയിലേക്ക് എത്തിയതെങ്ങനെ?

വെല്ലൂർ സി.എം.സിയിൽ നിന്ന് കമ്മ്യൂണിറ്റി മെഡിസിൻ പൂർത്തിയാക്കിയ ശേഷം കേരളത്തിൽ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിലായിരുന്നു തുടക്കം. അതിനിടെ കുറച്ചുകാലം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ചു. അപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ റീജണൽ ടീം ലീഡും പിന്നീട് നാഷണൽ പ്രൊഫഷണൽ ഓഫീസറുമായിരുന്ന ഡോക്ടർ ഷിബു ബാലകൃഷ്ണനെ പരിചയപ്പെടുന്നത്.

തുടർന്ന് ഒരു പ്രദേശത്തെ എങ്ങനെ ക്ഷയരോഗമുക്തമാക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ദിവസങ്ങളോളം നടത്തിയ ആലോചനകളിലൂടെ ആവശ്യമായ എവിഡൻസുകൾ സ്വരൂപിക്കുകയും അന്നത്തെ കേരള സർക്കാരിന്റെ നിർദേശപ്രകാരം കേരളത്തിനായുള്ള ഒരു സ്ട്രാറ്റജി ഡോക്യുമെന്റ് തയ്യാറാക്കുകയും ചെയ്തു.

ഒരു ഹൈ ബർഡൻ പ്രദേശത്തെ എങ്ങനെ ക്ഷയരോഗമുക്തമാക്കണമെന്നതിനെക്കുറിച്ചുള്ള ഗൈഡൻസുകൾ ലഭ്യമല്ലാതിരുന്ന കാലമായിരുന്നു അത്. 2014-15 വർഷങ്ങളിൽ അത്തരം മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് അത് നടപ്പാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നെറ്റ്‌വർക്കിലേക്ക് അപേക്ഷിക്കണമെന്നും കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും ഡോക്ടർ ഷിബു ബാലകൃഷ്ണൻ നിർദേശിച്ചു. തുടർന്ന് അപേക്ഷിക്കുകയും കേരള-ലക്ഷദ്വീപ് ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

എക്കോസ് ഫ്രം ദി അതോൾസ് എന്ന പുസ്കതത്തിന്‍റെ പുറം ചട്ട


പുസ്തകത്തെക്കുറിച്ച്

ക്ഷയരോഗമുക്ത പ്രവർത്തനങ്ങൾക്കായാണ് ഞാൻ ദ്വീപിലെത്തിയത്. എന്നാൽ ക്രമേണ ദ്വീപുമായും അവിടുത്തെ ജനങ്ങളുമായും വളരെ അടുത്തു. ഒരുപക്ഷേ ദ്വീപുകാരനായി മാറിയെന്ന് തന്നെ പറയാം. അവിടുത്തെ ആളുകളെയും സംസ്കാരത്തെയും മനസ്സിനെയും അടുത്തറിയാൻ സാധിച്ചു.

ഡിഫിക്കൾട്ട് ജിയോഗ്രാഫിക് ടെറൈനായ ദ്വീപ് ജനങ്ങളുടെ സഹകരണത്തിലും നിശ്ചയദാർഢ്യത്തിലും ക്ഷയരോഗമുക്തമായതിന്റെ കഥ ലോകം അറിയേണ്ടതുണ്ട്. അതുപോലെയുള്ള നിരവധി പ്രദേശങ്ങൾ ക്ഷയരോഗമുക്തമായി മാറേണ്ടതുമുണ്ട്.

ക്ഷയരോഗമുക്ത യജ്ഞത്തിന്റെ ഒരു ചെറിയ പീസ് മാത്രമാണ് പുസ്തകം. അതിലെ ഒരു ലൈൻ മാത്രമാണ് പ്രധാനമായും ചർച്ച ചെയ്തിരിക്കുന്നത്. അവിടെ നടന്നുകൊണ്ടിരിക്കുന്ന വികസനത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന ആത്മസംഘർഷങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ബന്ധങ്ങളുടെയും മാറ്റങ്ങളുടെയും കഥയാണ് ഈ പുസ്തകം. അതുകൊണ്ടാണ് അത് എഴുതണമെന്ന് തോന്നിയത്. ഒരു പൊതുജനാരോഗ്യ വിദഗ്ധനായിട്ടല്ല, അവരെ പൂർണമായി മനസ്സിലാക്കിയ ഒരാളായിട്ടുമല്ല; 14 തവണ ദ്വീപ് സന്ദർശിച്ച ഒരു സാധാരണ സന്ദർശകന്റെ കാഴ്ചപ്പാടിലാണ് പുസ്തകം എഴുതിയത്.

ഭാവി പ്രവർത്തനം

15 വർഷത്തിലേറെയായി ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള രാജ്യാന്തര ആരോഗ്യ സംഘടനകളിൽ പ്രവർത്തിക്കുന്നു. നിലവിൽ യുണൈറ്റഡ് നേഷൻസ് സ്റ്റോപ്പ് ടി.ബി. പാർട്ണർഷിപ്പിന്റെയും ഗ്ലോബൽ ഫണ്ടിന്റെയും ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുടെ കൺസൾട്ടന്റാണ്. മറ്റ് രാജ്യങ്ങൾക്ക് ക്ഷയരോഗമുക്ത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെക്നിക്കൽ അസിസ്റ്റൻസും നൽകുന്നുണ്ട്. അതെല്ലാം തുടരാനാണ് തീരുമാനം.

അതോടൊപ്പം ഹാർവാർഡ് സർവകലാശാലയിലെ കാർഡിയോവാസ്കുലർ ഹെൽത്തിലെ വിസിറ്റിങ് സയന്റിസ്റ്റുമാണ്. കൊല്ലം കൊട്ടാരക്കര കിഴക്കേക്കരയാണ് സ്വദേശം. കൊച്ചി പാലാരിവട്ടം വാഴക്കാലയാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tuberculosisLakshadweep
News Summary - The Island of Lakshadweep Beats TB: The Story of a Victory the World Looks Up To
Next Story