ഗുരുവായൂർ: മതത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിെൻറ ഏറ്റവും വലിയ തെളിവാണ് ഗുരുവായൂരെന്നും ക്ഷേത്രപ്രവേശന സത്യഗ്രഹ സമര നവതിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ആഘോഷ പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പി. കൃഷ്ണപിള്ളയും എ.കെ.ജിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ കാരണമാണ് ഗുരുവായൂർ നടയിൽ മാനവികത ഉണ്ടായത്. മതത്തെ ആധുനിക ദർശനങ്ങളോട് കൂടി നവീകരിക്കുന്നതിന് രാഷ്ട്രീയം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഓൺലൈനായി അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉന്നത ഫെലോഷിപ് ലഭിച്ച സാഹിത്യകാരി ഡോ. എം. ലീലാവതിയെ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആദരിച്ചു.
ടി.എൻ. പ്രതാപൻ എം.പി, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി. പ്രശാന്ത്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല എന്നിവർ സംസാരിച്ചു. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ദേവസ്വം നടത്തുന്നത്.