മദ്യലഹരിയില്‍ വന്നയാള്‍ തന്റെ കാറെന്നു കരുതി ഓടിച്ചത് മറ്റൊരു വാഹനം
text_fieldsചോറ്റാനിക്കര: മദ്യലഹരിയില്‍ ബാറില്‍ നിന്നും ഇറങ്ങി വന്നയാള്‍ സമീപത്തു കണ്ട വാഹനം തന്റേതാണെന്നു കരുതി ഓടിച്ചുകൊണ്ടുപോയി. സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു ഇന്നലെ ചോറ്റാനിക്കരയില്‍ സംഭവം അരങ്ങേറിയത്. വ്യാഴായ്ച്ച രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ സ്വകാര്യ ബാറില്‍ നിന്നും മദ്യപിച്ചിറങ്ങി വന്ന ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂര്‍ വീട്ടില്‍ ആഷ്‌ലി (53) എന്നയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയിരുന്ന് വാഹനമെടുത്തത്.
എന്നാല്‍ ഈ സമയം വാഹനത്തില്‍ യഥാര്‍ത്ഥ കാറുടമയായ ചോറ്റാനിക്കര സ്വദേശിയുടെ ഭാര്യയും കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. ഇത് തന്റെ കുടുംബമാണെന്നു കരുതിയ ഇയാള്‍ ഇവരെയും കൊണ്ടാണ് വാഹനമെടുത്തത്. ഒടുവില്‍ വീട്ടമ്മയും കുട്ടിയും ഒച്ചവെച്ചതോടെ ആഷ്‌ലിയുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ വീട്ടമ്മ തന്നെ സ്റ്റിയറിങില്‍ കയറി പിടിച്ചതോടെ കെ.എസ്.ഇ.ബി ഓഫിസിനു മുന്‍വശത്തുള്ള കടയിലും സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിലും കാര്‍ ഇടിച്ചു നിന്നു.
ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര സ്വദേശി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ നിര്‍ത്തിയിട്ട് കടയിലേക്ക് പോയ സമയത്താണ് ഇയാള്‍ ആ വഴി വന്നത്. ആസമയം താക്കോല്‍ വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നതാണ് വിനയായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്‌ലിയെ കയ്യോടെ പിടികൂടി. വാഹനം നിര്‍ത്തിക്കാനുള്ള ശ്രമത്തിനിടയില്‍ വീട്ടമ്മയുടെ കൈക്ക് ചെറിയ പരുക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

