ലഹരി മുക്തരുടെ വിവരങ്ങൾ പൊലീസിന് നൽകാനാവില്ലെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി
text_fieldsകോഴിക്കോട്: പൊലീസിന് ലഹരി മുക്തരുടെ വിവരങ്ങൾ നൽകാനാവില്ലെന്ന് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലഹരി മുക്തരുടെ വിവരങ്ങൾ തേടുന്നത് പൊലീസ് അവസാനിപ്പിക്കണം. സമീപകാലത്ത് ലഹരിയിൽനിന്ന് മുക്തി തേടി ധാരാളം പേർ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കുന്നുണ്ട്. അവർ മുക്തിനേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. എന്നാൽ ഒന്നുരണ്ട് ആഴ്ചകളായി കേരളത്തിലെ സൈക്യാട്രിസ്റ്റുകൾക്ക് പൊലീസ് നോട്ടീസ് നൽകി വരുന്നു. ആശുപത്രിയിൽനിന്ന് ലഹരി വിമോചന ചികിത്സക്ക് വിധേയരായവരുടെ പേര്, വയസ്സ്, വിലാസം എന്നിവ അറിയിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. മാനസികാരോഗ്യ സംരക്ഷണ നിയമം 2017 പ്രകാരം രോഗിയുടെ ചികിത്സ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സൈക്യാട്രിസ്റ്റിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. പൊലീസ് ചോദിക്കുന്ന വിവരങ്ങൾ കൈമാറുന്നത് രോഗിയുടെ സ്വകാര്യതയുടെ ലംഘനവുമാണ്. 1985ലെ നാർകോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് ആക്ട് പ്രകാരം, ലഹരിമുക്ത ചികിത്സ തേടുന്നവരെ ശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് വ്യക്തമാക്കുന്നു.
സ്വകാര്യ വിവരങ്ങൾ പൊലീസിന് കൈമാറണമെങ്കിൽ, അത് ചികിത്സ തേടിയെത്തുന്നവരെ തുടക്കത്തിൽതന്നെ അറിയിക്കാനും സൈക്യാട്രിസ്റ്റിനെ നിർബന്ധിതരാക്കും. ചികിത്സ തേടിയാൽ പൊലീസ് പിടിയിലാവുകയോ നിരീക്ഷണത്തിൽ വരുകയോ ചെയ്യുമെന്ന് ബോധ്യപ്പെട്ടാൽ പലരും ചികിത്സതന്നെ വേണ്ടെന്നുവെക്കാനിടയുണ്ട്.
ഇത് വലിയ സാമൂഹിക പ്രതിസന്ധിക്ക് വഴിതുറക്കും. ചികിത്സ എടുക്കാതെ പോവുന്ന ലഹരിക്ക് അടിമപ്പെട്ടവർ ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തതായി അടുത്തകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. മോഹൻ സുന്ദരൻ, ജനറൽ സെക്രട്ടറി ഡോ. അനീസ് അലി, ജേണൽ എഡിറ്റർ ഡോ. രാജമോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

