ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; ഉദ്യോഗസ്ഥരുടെ ആസ്തി വർധനയും പരിശോധിക്കും
text_fieldsതിരുവനന്തപുരം: കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിൽനിന്ന് സ്വർണവും വെള്ളിയും പണവുമുൾപ്പെടെ തൊണ്ടിമുതൽ നഷ്ടപ്പെട്ടെന്ന് സംശയിക്കുന്ന കാലയളവിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ആസ്തിവർധന പൊലീസ് പരിശോധിക്കും. തൊണ്ടിമുതലായി സൂക്ഷിച്ച 69 പവൻ സ്വർണവും പണവും കാണാതായ സാഹചര്യത്തിലാണിത്.
സീനിയർ സൂപ്രണ്ടുമാർക്കാണ് തൊണ്ടിമുതൽ സൂക്ഷിക്കുന്ന ചെസ്റ്റിന്‍റെ ചുമതല. മറ്റാർക്കും ഇത് തുറക്കാനാകില്ല. ചെസ്റ്റ് കുത്തിത്തുറന്നിട്ടുമില്ല. ഇത് ഉദ്യോഗസ്ഥരുടെ പങ്കിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ആസ്തിയിൽ അനധികൃത വർധനയുണ്ടോയെന്ന് പരിശോധിക്കുന്നത്. ബാങ്കുകളിലോ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലോ ഉദ്യോഗസ്ഥരുടെ പേരിൽ പണയ ഇടപാടുണ്ടോയെന്നും പരിശോധിക്കും.
അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് കരുതുന്നത്. തൊണ്ടിമുതലിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്യൽ ആരംഭിച്ചു. തങ്ങളുടെ കാലത്ത് ചെസ്റ്റ് തുറന്നിട്ടില്ലെന്നും പരിശോധന കൂടാതെയാണ് താക്കോൽ കൈമാറിയതെന്നുമാണ് ഇവരുടെ മൊഴി. 2010-19 വരെ കാലത്താണ് തൊണ്ടിമുതൽ കാണാതായതെന്ന് കരുതുന്നു. ഈ കാലത്ത് 26 സീനിയർ സൂപ്രണ്ടുമാർ തൊണ്ടിമുതൽ സൂക്ഷിപ്പ് ചുമതല വഹിച്ചിട്ടുണ്ട്.
ഇവരെയെല്ലാം കണ്ടെത്തി ചോദ്യംചെയ്യാനും അവരുടെ ആസ്തി വിവരങ്ങൾ പരിശോധിക്കാനുമാണ് പൊലീസ് നീക്കം. സംഭവത്തിൽ റവന്യൂ വകുപ്പ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

