യുവതി ആത്മഹത്യ ചെയ്ത സംഭവം; മുന്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
text_fieldsവട്ടിയൂര്‍ക്കാവ്: നെട്ടയം മണികണ്ഠേശ്വരത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവ് നെയ്യാറ്റിന്‍കര പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെട്ടയം മണികണ്ഠേശ്വരം ചീനിക്കോണം ശ്രീജിത ഭവനില്‍ ശ്രീജ(46)യാണ് മരിച്ചത്. വിവാഹ മോചന ശേഷം ശ്രീജ മകള്‍ക്കൊപ്പമായിരുന്നു താമസം.
ശനിയാഴ്ച ശ്രീജ ശ്രീജിത്തില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ച ഇയാള്‍ ശ്രീജയുടെ വീട്ടിലെത്തി ഇവരെ ആക്രമിച്ചെന്നും നഗ്നദൃശ്യങ്ങള്‍ സുഹൃത്തിന് അയച്ചു കൊടുത്തെന്നും ബന്ധുക്കള്‍ മൊഴി നൽകി.
ശ്രീജിത്തില്‍ നിന്നുളള ശാരീരിക, മാനസിക പീഡനമാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വീട്ടില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

