ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. ഷാഹിദ; കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം നിർഭാഗ്യകരമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട്
text_fieldsആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. നിർഭാഗ്യകരമാണെന്നും വിഷയം അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഡോ. ലളിതാംബികയുടെ യൂനിറ്റിലെ അസി. പ്രഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്. ഡോക്ടർ ഇപ്പോഴും സർവിസിലുണ്ടെന്നും മെഡിക്കൽ കോളജിൽനിന്ന് ട്രാൻസ്ഫർ ആയി പോയതായും അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ശസ്ത്രക്രിയ നടന്നത്. പി.പി.ഇ കിറ്റ് ധരിച്ച് ഒട്ടേറെ പരിമിതികൾക്കുള്ളിൽനിന്നാണ് അന്ന് ഡോക്ടർമാർ ജോലി ചെയ്തിരുന്നതെങ്കിലും, ഇത്തരമൊരു സംഭവം ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും ആർ.എം.ഒയുടെയും നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി ലഭ്യമായ വിവരങ്ങൾ സർക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ചതായും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എം.ഒ ഡോക്ടർ ലക്ഷ്മിയാണ് സമിതിയുടെ ചെയർപേഴ്സൺ. സർജറി വിഭാഗം മേധാവി ഡോക്ടർ സജീവ് കുമാർ, ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോക്ടർ അനുസൂയ, ഫോറൻസിക് അസോസിയേറ്റ് പ്രഫസർ ഡോക്ടർ രാഖിൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തെ, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടിരുന്നു. വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്. പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പരാതി പൊലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
സർവിസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടിൽ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കൾ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നൽകിയെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

