യുവാവ് വെടിയേറ്റ് മരിച്ച സംഭവം: മുഖ്യപ്രതിയുമായി ചാലിയാറിൽ തെളിവെടുത്തു
text_fieldsനിലമ്പൂർ: എടവണ്ണ പുലിക്കുന്ന് മലയിൽ ചെമ്പക്കുത്ത് അറയിലകത്ത് റിദാൻ ബാസിൽ വെടിയേറ്റ് മരിച്ച കേസിൽ കസ്റ്റഡിയിലെടുത്ത മുഖ്യ പ്രതി കൊളപ്പാടൻ മുഹമ്മദ് ഷാനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നാലുദിവസത്തേക്കാണ് കോടതി കസ്റ്റഡി സമയം അനുവദിച്ചത്.
മരണം ഉറപ്പാക്കിയശേഷം മടങ്ങുംവഴി സീതിഹാജി പാലത്തിൽനിന്ന് റിദാന്റെ ഫോൺ ചാലിയാറിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതി നൽകിയ മൊഴി. ഇതുപ്രകാരം ഫോൺ കണ്ടെടുക്കാനുള്ള തിരച്ചിലാണ് പൊലീസ് ആദ്യം തുടങ്ങിയത്. ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതിന് ചാലിയാറിൽ തിരച്ചിൽ തുടങ്ങി. പെരിന്തൽമണ്ണ, നിലമ്പൂർ ഡിവൈ.എസ്.പിമാർ, നിലമ്പൂർ സി.ഐ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചിൽ.
പത്തോടെ ഇ.ആർ.എഫിന് വെള്ളത്തിൽനിന്ന് ഒരുഫോൺ കിട്ടിയെങ്കിലും ഇത് കൊല്ലപ്പെട്ട റിദാന്റെ അല്ലെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയും റിദാന്റെ ബന്ധുകളും ഫോൺ റിദാന്റേതല്ലെന്ന് അറിയിക്കുകയായിരുന്നു.
വൈകീട്ട് അഞ്ചിന് പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കും.കഴിഞ്ഞ 22നാണ് റിദാൻ ബാസിലിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. കേസിൽ മുഹമ്മദ് ഷാൻ ഉൾപ്പെടെ റിദാന്റെ സുഹൃത്തുക്കളായ നാലുപേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

