എലത്തൂരിലെ സംഭവം നടുക്കുന്നത്; പിന്നില്‍ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍
text_fieldsകോഴിക്കോട്: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരില്‍ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിനു പിന്നില്‍ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തില്‍ തീവണ്ടിക്കകത്ത് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. വിധ്വംസക ശക്തികള്‍ ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചോ എന്നതാണ് എല്ലാവരും ആശങ്കപ്പെടുന്നത്.
അത്തരം ശക്തികള്‍ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതെല്ലാം സംശയത്തിനു വക നല്‍കുന്നതാണ്. ഏതെങ്കിലും ഒരു വ്യക്തി മാത്രമാണോ അതോ ഇത്തരം ശക്തികള്‍ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന പോലീസ് ഉള്‍പ്പൈടെയുള്ള അന്വേഷണഏജന്‍സികള്‍ കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
മൂന്നുപേര്‍ മരണപ്പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നടുക്കുന്ന സംഭവമാണ്. സത്യം തെളിയുന്നതുവരെ നിഗമനങ്ങളിലേക്ക് പോകാന്‍ സാധിക്കില്ല. പക്ഷേ സത്യം പുറത്തുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. എല്ലാ അന്വേഷണ ഏജന്‍സികളും സംയുക്തമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ്ബാബു, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ. സജീവന്‍, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, സി.പി.സതീഷ്, സംസ്ഥാന സമിതി അംഗം കെ.രജിനേഷ് ബാബു, മണ്ഡലം പ്രസിഡൻ്റ് ആർ.ബിനീഷ്.യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷണൻ തുടങ്ങിയവര്‍ക്കൊപ്പമാണ് കെ. സുരേന്ദ്രന്‍ എലത്തൂരിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

