കുഡുംബി സമുദായത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തൽ: ഹൈകോടതി കിർത്താഡ്സിന്‍റെ വിശദീകരണം തേടി
text_fieldsകൊച്ചി: കുഡുംബി സമുദായത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി കിർത്താഡ്സിന്‍റെ വിശദീകരണം തേടി. ആറ് വർഷമായിട്ടും ഇത് സംബന്ധിച്ച റിപ്പോർട്ട് കിർത്താഡ്സ് സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുഡുംബി യുവജന സംഘം മുൻ സംസ്ഥാന പ്രസിഡന്‍റ് മനോജ് മണിയൻ, കെ.എസ്. ധനേഷ് കുമാർ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി. പി ചാലിയുടെ ഉത്തരവ്.
കുഡുംബി സമുദായത്തെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് 2008ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നതായി ഹരജിയിൽ പറയുന്നു. 2011ൽ പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ പ്രകാരം കുഡുംബി സമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനാകില്ലെന്ന കാരണം വ്യക്തമാക്കി 2013ൽ ശിപാർശ കേന്ദ്രം മടക്കി. പുതുക്കിയ മാർഗ നിർദേശ പ്രകാരം കേന്ദ്ര സർക്കാർ തയാറാക്കിയ മാതൃക 2017 ജനുവരിയിൽ കേരള സർക്കാറിന് ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പട്ടിക വർഗത്തിൽ ഉൾപ്പെടുത്തുന്നതടക്കം പുതിയ ശിപാർശ നൽകുന്നതിനായുള്ള ഫയൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താർഡ്സിനെ ഏൽപിച്ചു. എന്നാൽ, ആറ് വർഷമായിട്ടും നടപടിയില്ലെന്നും സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ കിർത്താർഡ്സിന് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

