ജാമ്യക്കാരൻ കോടതിയുടെ പരിധിയിൽ താമസിക്കുന്നവരാകണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈകോടതി
text_fieldsRepresentational Image
കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിക്ക് ജാമ്യം നിൽക്കുന്നവർ കേസ് പരിഗണിക്കുന്ന കോടതിയുടെ പരിധിയിൽ താമസിക്കുന്നവരാകണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈകോടതി. ലഹരിമരുന്ന് കേസിൽ ഇടുക്കിയിൽ അറസ്റ്റിലായ ബംഗാൾ സ്വദേശിക്ക് ഇടുക്കി ജില്ലയിൽനിന്നുള്ള ജാമ്യക്കാർതന്നെ വേണമെന്ന തൊടുപുഴ എൻ.ഡി.പി.എസ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കാൻ സുപ്രീംകോടതി നിർദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ സ്വദേശിയായ അബേദൂർ ഷേക്കിന് ലഹരിമരുന്ന് കേസിൽ 2020ൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ ജൂലൈയിൽ വീണ്ടും അറസ്റ്റിലായി. തുടർന്ന് ജാമ്യം അനുവദിച്ചപ്പോൾ ഇടുക്കി ജില്ലയിൽനിന്നുള്ള ജാമ്യക്കാരൻ വേണമെന്ന് കോടതി നിഷ്‌കർഷിച്ചു. ഇതിനെതിരെയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
കേരളത്തിൽനിന്നുള്ള ഒരാൾ ബംഗാളിൽ കേസിൽ പെട്ടാൽ അവിടെനിന്ന് ജാമ്യക്കാരനെ കണ്ടുപിടിക്കാൻ പെടാപ്പാടു പെടേണ്ടിവരില്ലേ. സമാന അവസ്ഥയാണ് ഈ കേസിൽ ഹരജിക്കാരനുണ്ടാവുകയെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. ഇന്ത്യ എന്‍റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്നുമുള്ള ദേശീയ പ്രതിജ്ഞയിലെ വാക്യങ്ങൾ വിധിന്യായത്തിൽ എടുത്തുപറഞ്ഞു. ജാമ്യത്തിൽ ഇറങ്ങി മുങ്ങുന്നത് തടയാനാകും ഇത്തരമൊരു വ്യവസ്ഥ വെച്ചത്. ജാമ്യക്കാരന്‍റെ കൃത്യമായ വിലാസവും ഫോൺ നമ്പറും പ്രാദേശിക പൊലീസ് സ്റ്റേഷനുമൊക്കെ രേഖപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാനാകുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

