ഭാര്യക്ക് പാചകമറിയാത്തത് വിവാഹ മോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭാര്യക്ക് പാചകമറിയാത്തത് വിവാഹ മോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈകോടതി. ഭാര്യ പാചകം ചെയ്യാത്തതും ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹ മോചനത്തിന് കാരണമാകുന്ന ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാഹ മോചന ഹരജി കുടുംബ കോടതി തള്ളിയതിനെതിരെ തൃശൂർ സ്വദേശിയായ യുവാവ് നൽകിയ അപ്പീൽ നിരസിച്ചാണ് ഉത്തരവ്.
2012 മേയിൽ വിവാഹിതനായി ഏഴു മാസത്തിനു ശേഷം നിസ്സാര കാരണങ്ങളുടെ പേരിൽ ഭാര്യ വഴക്കിട്ട് വീട്ടിൽ പോയെന്നും ബന്ധുക്കളുടെ മുന്നിൽ അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയിരുന്നതെന്നുമാണ് വിദേശത്തു ജോലി ചെയ്തിരുന്ന ഹരജിക്കാരന്റെ വാദം. വിദേശത്തെ ജോലി കളയാൻ തൊഴിലുടമക്ക് ഭാര്യ ഇ-മെയിലിൽ പരാതി അയച്ചെന്നും ഹരജിക്കാരൻ ആരോപിച്ചു. ഒരിക്കൽ ശരീരത്തിൽ തുപ്പിയ ഭാര്യ പിന്നീട് മാപ്പു പറഞ്ഞു. വനിത സെല്ലിലും കോടതിയിലും പരാതി നൽകിയതും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഭർത്താവിന്‍റെ പെരുമാറ്റ വൈകല്യം പരിഹരിക്കാൻ സഹായം തേടിയാണ് ഗൾഫിലെ തൊഴിലുടമക്ക് ഇ-മെയിൽ അയച്ചതെന്നാണ് ഭാര്യയുടെ വിശദീകരണം. ഇ-മെയിൽ സന്ദേശം പരിശോധിച്ച ഹൈകോടതിയും ശരിവെച്ചു. തന്നെ ശാരീരികമായി അധിക്ഷേപിക്കുന്നതും മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും പതിവാണെന്നും ഭാര്യ ആരോപിച്ചു. ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾക്ക് ഡോക്ടർമാരെ കണ്ടു മരുന്നു വാങ്ങിയെങ്കിലും തുടർച്ചയായി കഴിക്കാൻ തയാറാകുന്നില്ലെന്നും വ്യക്തമാക്കി.
ർത്താവിന്റെ അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു. താൻ സ്വയം ഇറങ്ങിപ്പോയിട്ടില്ല. വൈവാഹിക അവകാശം സ്ഥാപിച്ചുകിട്ടാൻ നൽകിയ ഹരജിക്കൊപ്പമാണ് ഹരജിക്കാരന്റെ വിവാഹ മോചന ഹരജിയും കുടുംബ കോടതി പരിഗണിച്ചതെന്നും ഭാര്യ വ്യക്തമാക്കി. ഭാര്യയുടെ വാദങ്ങൾ അംഗീകരിച്ച ഡിവിഷൻ ബെഞ്ച് കുടുംബ കോടതി ഉത്തരവിൽ അപാകതയില്ലെന്ന് വിലയിരുത്തി അപ്പീൽ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

