എ.ഐ കാമറയുടെ പ്രവർത്തനം തടയാനാവില്ലെന്ന് ഹൈകോടതി; ഹെൽമറ്റ് ധരിക്കാൻ കഴിയാത്ത അുസഖങ്ങളുള്ളവർ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് കോടതി
text_fieldsകൊച്ചി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള നൂതന സംരംഭമായ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനോ തടയാനോ ആകില്ലെന്ന് ഹൈകോടതി. സാങ്കേതിവിദ്യ ഉപയോഗിച്ച് ഇത്തരമൊരു നൂതന സംവിധാനം നടപ്പാക്കിയ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എ.ഐ കാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർടികളിൽ നിന്നുപോലും വിമർശനമില്ല. അവരും പുതിയ സംരംഭത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നുണ്ട്. എന്നാൽ, കാമറ വാങ്ങിയതിലെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നും ഹൈകോടതി വ്യക്തമാക്കി.
പുതിയൊരു സംരംഭമെന്നനിലയിൽ ചില കുറവുകളുണ്ടായേക്കാമെന്നും അതു പരിഹരിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. സാങ്കേതിക വിദ്യ പുരോഗമിച്ച കാലത്ത് എ.ഐ. കാമറ സ്ഥാപിക്കുന്നത് നിയമലംഘനങ്ങൾ കണ്ടുപിടിക്കാനുള്ള നൂതനമായ ചുവട് വയ്‌പ്പാണെന്നും കോടതി നിരീക്ഷിച്ചു.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഹെൽമ്മറ്റ് വെക്കാനാവില്ലെന്നും ഹെൽമറ്റില്ലാതെ മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നൽകിയ ഹർജി തള്ളിയാണ് ജസ്‌റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണന്റെ നിരീക്ഷണം. ഇരുചക്രവാഹനയാത്രക്കാരായ പൗരൻമാരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്.
മാറാടി പഞ്ചായത്തിലെ താമസക്കാരായ ഹർജിക്കാർ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാആവശ്യങ്ങൾക്കും മൂവാറ്റുപുഴ നഗരത്തെയാണ് ആശ്രയിക്കുന്നത്. പൊതുഗതാഗത സൗകര്യം കുറവായതിനാൽ ഇരുചക്രവാഹനങ്ങളാണ് യാത്രയ്‌ക്ക് ഉപയോഗിക്കുന്നത്. കടുത്ത തലവേദനയടക്കമുള്ള അസുഖത്തിന് ചികിത്സയിലായതിനാൽ ഇരുവർക്കും ഹെൽമറ്റ് ധരിക്കാനാവില്ല. മൂവാറ്റുപുഴ നഗരത്തിൽ എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്‌താൽ പിഴ ഈടാക്കും. അതിനാൽ മൂവാറ്റുപുഴ ആർടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹെൽമറ്റ് ധരിക്കാൻ കഴിയാത്ത തരത്തിൽ അുസഖങ്ങളുള്ളവർ ഇരുചക്രവാഹനയാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

