തൊണ്ടിമുതലിൽ കൃത്രിമം: മന്ത്രി ആന്റണി രാജുവിനെതിരായ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിനെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കി. കേസിന്റെ നടപടിക്രമങ്ങളിൽ പിഴവുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
അതേസമയം, പ്രതികൾക്കെതിരെ ഉയർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇവ അവഗണിക്കാനാവില്ലെന്നും നിരീക്ഷിച്ച കോടതി, നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും പ്രോസിക്യൂഷന് നടപടി സ്വീകരിക്കാമെന്നും വ്യക്തമാക്കി. ആന്റണി രാജുവും രണ്ടാം പ്രതിയായ കോടതി ജീവനക്കാരൻ ജോസുമാണ് കേസ് റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി നൽകിയത്.
മയക്കുമരുന്ന് കേസിൽ വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് ആന്റണി രാജുവിനെതിരെയുള്ളത്. ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെ വിട്ടിരുന്നു.
തൊണ്ടിമുതലായ അടിവസ്ത്രം ഇയാൾക്ക് പാകമല്ലെന്ന വാദം ശരിവെച്ചായിരുന്നു വെറുതെവിട്ടത്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു പ്രതിയെ രക്ഷിക്കാൻ കോടതിയിലെ ക്ലർക്കായ ജോസിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നാണ് കേസ്.

