താരത്തിന്റെയും ഭർത്താവിന്റെയും അറസ്റ്റ് തടഞ്ഞ് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ റജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ഫർമാൻ ഖാനെയും പെൺകുട്ടിയെയും അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതിയുടെ വിലക്ക്. ഇരുവരും നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് മേയ് 20 വരെ അറസ്റ്റ് തടഞ്ഞ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്.
മലയാളം സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ പ്രണയത്തിലായെന്നും മാർച്ച് 11ന് കേരളത്തിൽ വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പിതാവ് മധ്യപ്രദേശ് പൊലീസിന് നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും പരാതിയിലുണ്ട്. പരാതിയുടെ പകർപ്പ് ഹരജിക്കാർ കോടതിയിൽ ഹാജരാക്കി.
പോക്സോ കേസിൽ നടപടിക്കായി മധ്യപ്രദേശ് പൊലീസ് കേരളത്തിലേക്ക് എത്തുന്നതായി സമൂഹ മാധ്യമ പോസ്റ്റിൽ അറിഞ്ഞുവെന്നും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ വിവാഹസർട്ടിഫിക്കറ്റും പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ആദ്യം വിവാഹത്തെ എതിർക്കാതിരുന്ന പെൺകുട്ടിയുടെ പിതാവ് ബന്ധുക്കളുടെ പ്രേരണയിൽ പിന്നീട് നിലപാടു മാറ്റിയതാണെന്നും ഹരജിയിൽ പറയുന്നു. കേസ് മറ്റെവിടെ രജിസ്റ്റർ ചെയ്താലും കേരളത്തിൽനിന്ന് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെങ്കിൽ കേരളത്തിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുമെന്നുളള സന്ദീപ് വർഗീസ് കേസിലെ കോടതി വിധിയും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് ഡി.ജി.പിക്ക് കോടതി നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ എട്ടിന് കേസെടുത്തപ്പോഴും പൊലീസിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

