എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജിയിൽ അന്തിമവാദം തുടങ്ങി
text_fieldsകൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിൽനിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സി.പി.എം സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹരജിയിൽ ഹൈകോടതി അന്തിമവാദം തുടങ്ങി. ഇരുകക്ഷികളുടെയും വാദം ചൊവ്വാഴ്ച തുടരാൻ ജസ്റ്റിസ് പി.ജി. അജിത്കുമാർ മാറ്റി.
ഹരജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹരജി നിലനിൽക്കുമെന്നും ഹൈകോടതിയിലുള്ള ഹരജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി ഫെബ്രുവരി 12ലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈകോടതിയിൽ അന്തിമവാദം തുടങ്ങിയത്.
വോട്ടർമാർക്ക് കെ. ബാബു നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ഫലം അസാധുവാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് രേഖപ്പെടുത്തിയ സ്ലിപ്പിൽ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു 2021ൽ തെരഞ്ഞെടുക്കപ്പെട്ടത്.

