നടിയുടെ ആവശ്യം തള്ളി; വിചാരണ കോടതി മാറ്റാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈകോടതി. വിചാരണ കോടതി മാറ്റണമെന്ന് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹരജിയിൽ തള്ളിക്കൊണ്ടാണ് ഹൈകോടതി വിധി. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു നടിയുടെയും സർക്കാരിന്‍റെയും പരാതി.
സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്‍റേതാണ് ഉത്തരവ്. വിചാരണ കോടതിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.
നേരത്തെ വാദം കേള്‍ക്കുന്നതിന്‍റെ ഭാഗമായി ഹൈകോടതി വിചാരണക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതൽ വിചാരണ തുടരാമെന്നും കോടതി നിർദേശിച്ചു.
നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്താരത്തിന്‍റെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന പരാതി. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു.
തന്നെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നാണ് ഇരയായ നടി കോടതിയെ അറിയിച്ചത്. നാൽപതോളം അഭിഭാഷകർക്ക് മുൻപിൽ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.