കളങ്കിതരായ പൊലീസുകാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കളങ്കിതരെന്ന് കോടതി കണ്ടെത്തുകയും ഇത്തരം നടപടികളുടെ പേരിൽ പിരിച്ചുവിടുകയും ചെയ്ത പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസിെൻറ വെബ്സൈറ്റിൽ ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനത്തിെൻയും പേരിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയോ സർവിസിൽനിന്ന് പിരിച്ചുവിടുകയോ ചെയ്തവരുടെ പേരുവിവരങ്ങൾ മറച്ചുവെക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവെൻറ ഉത്തരവ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഇക്കാര്യം വെളിപ്പെടുത്തണമെന്നും സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ നൽകിയ ഹരജി തീർപ്പാക്കി കോടതി വ്യക്തമാക്കി.
പൊലീസിൽ അഴിമതിക്കുറ്റത്തിന് പിടിയിലായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടി ഡൽഹി സ്വദേശിയും മാധ്യമപ്രവർത്തകനുമായ ആർ. രാധാകൃഷ്ണൻ നൽകിയ അപേക്ഷയിൽ വിവരങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമീഷൻ പൊലീസിനോട് നിർദേശിച്ചത് ചോദ്യംചെയ്താണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ ഹരജി നൽകിയത്.
നേരത്തേ രാധാകൃഷ്ണൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ മറുപടി നൽകിയത്. 59 പൊലീസുകാർക്കെതിരെ നടപടിയെടുെത്തന്ന് മാത്രമാണ് വെളിപ്പെടുത്തിയത്. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമീഷന് അപ്പീൽ നൽകിയതിനെ തുടർന്നാണ് വിവരങ്ങൾ നൽകാനും ഇവരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താനും ഉത്തരവിട്ടത്.
പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള അധികൃതരുടെ പ്രവർത്തനങ്ങൾ സുതാര്യവും ഉത്തരവാദിത്തത്തോടു കൂടിയുള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതാണ് വിവരാവകാശ നിയമമെന്ന് വ്യക്തമാക്കിയ കോടതി വിവരാവകാശ കമീഷൻ ഉത്തരവ് ശരിവെച്ചു. എന്നാൽ, കോടതിയുടെ തീർപ്പുണ്ടാകാത്ത കേസുകളിൽ പേരുവിവരം പുറത്തുവിടേണ്ടതില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.