കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ കൂത്തുപറമ്പ് സ്വദേശി സി.ജി. ശശികുമാർ(60) ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി. മുൻ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുക. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ മുൻശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആരോപണം. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി ഇയാൾക്ക് പെൺകുട്ടിയെ കൈമാറിയതെന്നാണ് വിവരം. ഇതിനുമുൻപും ഇത്തരത്തിൽ ഇയാൾ പെൺകുട്ടികളെ പോറ്റിവളർത്താൻ സർക്കാരിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. ബാലപീഡകനാണ് ഇയാൾ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
രണ്ടു പ്രാവശ്യം വിവാഹിതനായതും ഈ ബന്ധത്തിൽ കുട്ടികളുള്ള വിവരം മറച്ചുവച്ചുമാണ് സി.ജി. ശശികുമാർ കൂത്തുപറമ്പിൽ മൂന്നാമത്തെ ഭാര്യയോടൊപ്പം താമസിച്ചത്. വിമുക്ത ഭടനാണെന്നായിരുന്നു ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. 2016ലാണ് ഇയാൾ പെൺകുട്ടിയെ ദത്തെടുത്തത്. 2017ലാണ് ഗർഭം അലസിപ്പിച്ചതായി തെളിഞ്ഞത്. പെൺകുട്ടിയുടെ സഹോദരി കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം അറിയിച്ചത്. സഹോദരിയെ കാണാൻ പോയ സമയത്ത് തന്നേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി സഹോദരി വെളിപ്പെടുത്തിയിരുന്നു.