ഹാക്ക് ചെയ്ത പൊലീസ് അക്കാദമി സൈറ്റ് പുനഃസ്ഥാപിച്ചില്ല
text_fieldsതൃശൂർ: കേരള പൊലീസ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ആഴ്ചയെത്തിയിട്ടും തിരിച്ചെടുക്കാനായില്ല.ഹാക്ക് ചെയ്തത് തങ്ങളാണെന്ന് കേരള സൈബര്‍ വാരിയേഴ്സ് അവരുടെ സമൂഹമാധ്യമ പേജിലൂടെ സ്ഥിരീകരിച്ചിട്ടും ഇരുട്ടിൽ തപ്പുകയാണ് പൊലീസ് സൈബർ വിഭാഗം. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തില്‍ ഡിസംബർ 30നാണ് പൊലീസ് അക്കാദമിയുടെ www.keralapoliceacademy.gov.in/ വെബ്സൈറ്റ് സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തത്.
വെബ്സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. പൊലീസിനെ വാർത്തെടുക്കുന്ന അത്യാധുനിക പരിശീലന വിവരങ്ങളടക്കം വെബ്സൈറ്റ് ഹാക്ക് ചെയ്തവർ ചോർത്തിയതായാണ് സംശയം. ഡി.ഐ.ജിയുടെ കീഴിലുള്ള സൈബർ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഹാക്കർമാർ പരസ്യമായി രംഗത്ത് വന്നിട്ടും കണ്ടെത്താൻ കഴിയാത്തതിൽ സംശയങ്ങളുണ്ട്.

