ജസ്നയെ കണ്ടെത്തണമെന്ന ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: മൂന്നുവർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹേബിയസ് കോർപസ് ഹരജി പിൻവലിച്ചു. 2018 മാർച്ച് 22ന് വെച്ചൂച്ചിറ സന്തോഷ് കവലയിലെ വീട്ടിൽനിന്ന് കാണാതായ 22കാരി ജസ്നയെ ഇതുവരെ കണ്ടെത്താനാകാത്തത് ചൂണ്ടിക്കാട്ടി എറണാകുളത്തെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹൈകോടതിയിൽ നൽകിയ ഹരജിയാണ് പിൻവലിച്ചത്. സാങ്കേതിക പിഴവുകളുണ്ടെന്നും ഹരജി നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിൻവലിക്കുന്നതായി ഹരജിക്കാർ അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഹരജി നൽകിയത്.

