Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഗുജറാത്ത് മോഡൽ' ചർച്ച...

'ഗുജറാത്ത് മോഡൽ' ചർച്ച തുടങ്ങിയത് മോദി -പിണറായി കൂടിക്കാഴ്ചയിൽ; പഠിക്കുന്നത് വകുപ്പുകളുടെ പ്രകടനം മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ കൊണ്ടുവരുന്നതിനെ കുറിച്ച്

text_fields
bookmark_border
Pinarayi vijayan, Narendra Modi
cancel
Listen to this Article

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കാൻ കേരളം ഒരുങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ. കൂടിക്കാഴ്ചക്ക്​ ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശനം.

ഗുജറാത്തിലെ ഇ-ഗവേണൻസിനുള്ള ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയ്​ ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്നു ദിവസ സന്ദർനത്തിനാണ് പോയത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫിസർ ഉമേഷ് എൻ.എസ്​ ആണു സംഘത്തിലെ രണ്ടാമൻ.

വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ 2019 ൽ ഗുജറാത്തിൽ ആരംഭിച്ച ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാറിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തത്സമയം വിലയിരുത്താനാകുമെന്നതാണ്​ ഈ സംവിധാനത്തിന്‍റെ പ്രത്യേകത.


ഡേറ്റ ബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പിനും സ്റ്റാർ റേറ്റിങ്ങും നൽകാം. ആരോഗ്യകരമായ മത്സരം സിവിൽ സർവിസ് രംഗത്തു കൊണ്ടുവരാനാകുമെന്നാണ്​ ഇതുവഴി ഉദ്ദേശിക്കുന്നത്​.

വ്യാഴാഴ്ച അഹ്​മദാബാദിൽ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ സർക്കാറിന്​ ചീഫ്​ സെക്രട്ടറി റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്താൻ ഒരുങ്ങുന്ന കേരളം ഇനി ഗുജറാത്ത് ഡാഷ് ബോർഡ് കൂടി മാതൃകയാക്കുമെന്നാണ്​ ഇതിലൂടെ വ്യക്തമാക്കുന്നത്​.

ഗുജറാത്ത്​ മോഡൽ ഭരണനിർവഹണം പഠിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പല കോണുകളിൽനിന്നും ആക്ഷേപം ഉയർന്നു​ കഴിഞ്ഞു. സർക്കാർ നീക്കത്തെ അഭിനന്ദിച്ച്​ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. ഗുജറാത്ത്​ മോഡൽ മികച്ചതാണെന്ന്​ അംഗീകരിക്കാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയാറാകണമെന്നു പാർട്ടി ആവശ്യപ്പെട്ടു.

ഗുജറാത്ത്​ മോഡലുമായി ബന്ധപ്പെട്ട്​ പണ്ട്​ പലതരം വിവാദങ്ങളുമുണ്ടായിട്ടുണ്ട്​. 2013ല്‍ യു.ഡി.എഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദമായിരുന്നു. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നാണ്​ അന്ന്​ എൽ.ഡി.എഫ്​ നേതൃത്വം പറഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat modelPinarayi Vijayan
News Summary - The 'Gujarat model' discussion started during the Modi-Pinarayi meeting
Next Story