അരിക്കൊമ്പനെ പിടിക്കാൻ സംഘം 16നെത്തും
text_fieldsഅരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നത് സംബന്ധിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ,
കലക്ടർ ഷീബ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം
കുമളി: രണ്ട് മാസത്തോളമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശങ്ങളിൽ ഭീതി പടർത്തിയ അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള പ്രത്യേക സംഘം മാർച്ച് 16ന് ജില്ലയിലെത്തും.ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 26 ഉദ്യോഗസ്ഥരും നാല് കുങ്കിയാനകളും ഉണ്ടാകും. ജില്ലയിലെ വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി സ്വീകരിച്ചു വരുകയാണെന്ന് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
കോടനാട് അഭയാരണ്യത്തിൽ അരിക്കൊമ്പനെ പിടികൂടാനുള്ള കൂടിന്റെ നിർമാണം തിങ്കളാഴ്ച ആരംഭിക്കും.നാലു ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. തുടർന്നാകും ആനയെ പിടിക്കാൻ ശ്രമം ആരംഭിക്കുക. ആ ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികൾ ഒഴിവാക്കിയാകും 144 പ്രഖ്യാപിക്കുക.
ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കും. അഗ്നിരക്ഷാസേന, മെഡിക്കൽ സംഘം, പൊലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കും. ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ എട്ട് സ്ക്വാഡായി തിരിഞ്ഞ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അരിക്കൊമ്പനെ വിജയകരമായി പിടികൂടിയാൽ പ്രശ്നക്കാരായ ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും ഉചിത തീരുമാനം എടുക്കും. ഇവയെ പ്രത്യേകം നിരീക്ഷിക്കും.
അവശ്യമെങ്കിൽ അടുത്ത ഘട്ടമായി റേഡിയോ കോളർ ഘടിപ്പിക്കും. ചിന്നക്കനാൽ ഭാഗത്ത് രണ്ട് കോടി മുതൽ മുടക്കിൽ വേലി സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.അരിക്കൊമ്പനെ പിടികൂടുന്നതിന് കൂട് നിർമാണത്തിന് മൂന്നാറിൽനിന്ന് മരങ്ങൾ മുറിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. വയനാട്ടില്നിന്നെത്തിയ സംഘം അടയാളപ്പെടുത്തിയ 128 ഗ്രാന്റിസ് മരങ്ങളാണ് മുറിക്കുന്നത്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കോടനാട് ആനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം. സാധ്യമായില്ലെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടും.
ജനവാസ മേഖലകളിലിറങ്ങിയ അരിക്കൊമ്പൻ കഴിഞ്ഞ ആഴ്ചകളിൽ തുടർച്ചയായി നിരവധി വീടുകൾ ആക്രമിച്ച പശ്ചാത്തലത്തിലാണ് വനം വകുപ്പ് നടപടികൾ വേഗത്തിലാക്കിയതും മന്ത്രി ഉന്നതതല യോഗം വിളിച്ചതും.യോഗത്തിൽ കലക്ടർ ഷീബ ജോർജ്, നോഡൽ ഓഫിസർ ആർ.എസ്. അരുൺ, ചീഫ് കൺസർവേറ്റർ നീതു ലക്ഷ്മി, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

