ഡോ. എ. അച്യുതൻ: പരിസ്ഥിതിബോധം പകർന്നുതന്ന മഹാഗുരു
text_fieldsഎന്നെപ്പോലെ അനേകം വിദ്യാർഥികളിൽ പരിസ്ഥിതിബോധം നിറച്ച ഗുരുനാഥനാണ് ഡോ. എ. അച്യുതൻ. ഏറ്റവും ലളിതമായി ജീവിച്ച മനുഷ്യൻ. ജീവിതത്തിൽ മുഴുവൻ ലാളിത്യം വിടാതെ നടന്നൊരാൾ. ഒടുവിൽ മരണത്തിൽപോലും ആ ലാളിത്യം അദ്ദേഹം പാലിച്ചിരിക്കുന്നു.
പൊതുദർശനമോ അന്ത്യോപചാരമോ ഒന്നും വേണ്ട. പുഷ്പചക്രമോ ഔദ്യോഗിക ബഹുമതികളോ ഒന്നും വേണ്ട. ഒരു ശ്മശാനത്തിലേക്കും അന്ത്യയാത്രയില്ല. ആദരാഞ്ജലികളില്ല. അതൊന്നും വേണ്ടെന്ന് എത്രയോ കാലം മുമ്പേ അദ്ദേഹം എഴുതിവെച്ചിരിക്കുന്നു. അനേകകാലം വിദ്യാർഥികളെ പഠിപ്പിച്ച മഹാഗുരു ഒടുവിൽ അവശേഷിക്കുന്ന തന്റെ ഭൗതികശരീരംപോലും കുട്ടികളുടെ പഠനത്തിനായി വിട്ടുകൊടുത്തിരിക്കുന്നു.
ഞാൻ മലബാർ ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി അച്യുതൻ സാറിനെ കാണുന്നത്. ഇന്നത്തെ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) അന്ന് സോഷ്യൽ സർവിസ് സ്കീം ആയിരുന്നു. ചാത്തമംഗലത്തെ ആർ.ഇ.സിയിൽ എസ്.എസ്.എസിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുക്കാൻ എനിക്കവസരമുണ്ടായി.
അതിന്റെ ചുക്കാൻപിടിച്ച് ഓടിനടന്നത് അച്യുതൻ മാഷായിരുന്നു. ആദ്യമായി പരിസ്ഥിതി എന്ന ബോധം ഞങ്ങളിലേക്ക് നിറഞ്ഞത് ആ ക്യാമ്പിലൂടെയാണ്. കുട്ടികളിലേക്ക് ഇറങ്ങിവരുന്ന ഒരധ്യാപകനെയും ആദ്യമായി കാണുകയായിരുന്നു. ശാസ്ത്രം മനുഷ്യനും പ്രകൃതിക്കും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് വിദ്യാർഥികളിലേക്ക് പകർന്ന ഗുരുവിനെ ആ ക്യാമ്പിൽനിന്നാണ് ഞങ്ങൾക്ക് കിട്ടിയത്.
പിൽക്കാലത്ത് എം.എക്ക് ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുമ്പോൾ എൻ.എസ്.എസ് ദശദിന ക്യാമ്പുകളോട് സ്നേഹമുണ്ടാകാൻ കാരണക്കാരനായത് അച്യുതൻ മാഷിന്റെ ആ ക്യാമ്പായിരുന്നു. പിന്നീട് എൻ.എസ്.എസിന്റെ പ്രോഗ്രാം കോഓഡിനേറ്ററായപ്പോൾ എല്ലാ ക്യാമ്പുകളിലും അച്യുതൻ മാഷെ ഞങ്ങൾ എത്തിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന ശാസ്ത്ര-പരിസ്ഥിതിസംബന്ധമായ പരിപാടികളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നു.
സൈലന്റ് വാലി സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ സമരം വിദ്യാർഥികളിലേക്ക് പടർത്തിയത് അദ്ദേഹമാണ്. മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി മാലിന്യത്തിൽനിന്ന് ചാലിയാറിനെ രക്ഷിക്കാൻ മനുഷ്യച്ചങ്ങല കോർക്കാൻ ഞങ്ങളെ കൊണ്ടുപോയത് ആ മനുഷ്യനാണ്. ഇരിങ്ങാലക്കുടയിൽ ജനിച്ച് പലനാടുകളിൽ പഠിച്ചെങ്കിലും അച്യുതൻ മാഷിന്റെ നാട് കോഴിക്കോടുതന്നെയായിരുന്നു.
2018ൽ എഴുതിയേൽപിച്ച ഒസ്യത്തിൽപോലും ആ ലാളിത്യമുണ്ടായിരുന്നു. മരിച്ചാൽ ശരീരം കുളിപ്പിക്കാനോ നിലത്തിറക്കാനോ നിലവിളക്ക് കത്തിക്കാനോ ഒന്നും നിൽക്കരുത്. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ബ്ലോക്കുണ്ടാക്കാതിരിക്കാനുമായി ഏറ്റവും അടുത്ത ചിലരൊഴികെ ആരും വീട്ടിലേക്ക് വരരുത്. ആശുപത്രിയിലാണ് മരിക്കുന്നതെങ്കിൽ വീട്ടിലേക്ക് കൊണ്ടുവരരുത്.
മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യണം. അതിനുള്ള പേപ്പറുകളെല്ലാം മകൾ മഞ്ജുളയെ അദ്ദേഹം ഏൽപിച്ചിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കാനെന്ന പേരിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുകയും ചെയ്യരുത്.
കൃത്യമായി അതെല്ലാം എഴുതി വേണ്ടപ്പെട്ടവരെ ഏൽപിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ഒരേസമയം ശാസ്ത്രകുതുകിയും പരിസ്ഥിതിവാദിയും സമരഭടനുമൊക്കെയായിരുന്ന അത്യപൂർവ വ്യക്തിത്വമായിരുന്നു എന്റെ ആ ഗുരുനാഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

