ബിരുദ ഫലം ഇനിയും വന്നില്ല; മാഹി കോളജ് വിദ്യാർഥികൾ ആശങ്കയിൽ
text_fieldsമാഹി: മാഹി കോളജിലെ വിദ്യാർഥികൾ ഉപരി പഠനത്തിന് വഴി കാണാതെ ആശങ്കയിൽ. ഇതരസംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റി ബിരുദ പരീക്ഷകളുടെ റിസൽട്ട് പ്രസിദ്ധീകരിച്ച് ബിരുദാനന്തര കോഴ്സുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയെങ്കിലും പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഇതുവരെ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചില്ല. ഇതോടെയാണ് മാഹി മഹാത്മാഗാന്ധി ഗവ. ആർട്ട്സ് കോളജ് വിദ്യാർഥികൾ തങ്ങളുടെ ഒരു വർഷം പാഴായി പോകുമെന്ന വേവലാതിയിലായത്. മാഹി കോളജിലെ പി.ജി കോഴ്‌സുകളിൽ ഇതിനകം അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. അഞ്ചാം സെമസ്റ്റർ വരെയുള്ള മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഏതെങ്കിലും വിദ്യാർഥി പരീക്ഷയിൽ തോൽക്കുകയോ ഫലം തടയുകയോ ചെയ്താൽ പ്രവേശനം മുടങ്ങും. അധികാരികളുടെ അലംഭാവത്തിലും അവർ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളിലും ദുരിതം അനുഭവിക്കുന്നത് തങ്ങളാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുതുച്ചേരിയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും റിസർട്ട് വൈകിപ്പിക്കാനിടയാക്കുമോയെന്ന് വിദ്യാർഥികൾ ഭയക്കുകയാണ്. മാഹി കോളജിൽ പഠിക്കുന്ന വടകര, തലശ്ശേരി, ചൊക്ളി ഭാഗങ്ങളിലുള്ള വിദ്യാർഥികളും ഈ ദുരിതം അനുഭവിക്കുകയാണ്. കോളജിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിൻ്റെ തീരുമാനത്തിലാണ് വിദ്യാർഥി സംഘടനകൾ.