Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണറുടെ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവും, യുഡിഎഫ് സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ടോ? വിമർശിച്ച് പിണറായി വിജയൻ

text_fields
bookmark_border
ഗവർണറുടെ നടപടി നിയമവിരുദ്ധവും അധികാര ദുർവിനിയോഗവും, യുഡിഎഫ് സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ടോ? വിമർശിച്ച് പിണറായി വിജയൻ
cancel

തിരുവനന്തപുരം: കേരള പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകിയത് നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഗവര്‍ണര്‍ക്ക് ഇത്തരത്തിലൊരു ശിപാര്‍ശ നടത്താന്‍ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി ഇത്തരത്തിലൊരു ശിപാര്‍ശ നടത്തിയതായാണ് മനസ്സിലാക്കുന്നതെന്നും പിണറായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു.

പി.എസ്.സി ഒരു തുടര്‍ച്ചയാണ്. സര്‍ക്കാറുകള്‍ മാറി വരുമ്പോള്‍ നിലവിലുള്ള പി.എസ്.സി അംഗങ്ങളെയും ചെയര്‍മാനെയും പുറത്താക്കുന്ന പതിവില്ല. അവരുടെ കാലാവധി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പി.എസ്.സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം.

ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ? സംസ്ഥാന സര്‍ക്കാറിന്റെ ഫെഡറല്‍ അധികാരങ്ങളില്‍ യൂനിയന്‍ സര്‍ക്കാറിന്റെ ഏജന്‍റായി നിരന്തരം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. അതിന്റെ കൂടി ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്. അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് 6 വര്‍ഷത്തെ കാലാവധിയാണ് ആര്‍ട്ടിക്കിള്‍ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവര്‍ത്തി ദോഷം (misbehavior) സംബന്ധിച്ച പരാതിയിന്മേൽ സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയര്‍മാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ക്ക് ഇത്തരത്തിലൊരു ശിപാര്‍ശ നടത്താന്‍ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവര്‍ണ്ണര്‍ പോകുന്ന പോക്കില്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടര്‍ച്ചയായി ഇത്തരത്തിലൊരു ശിപാര്‍ശ നടത്തിയതായാണ് മനസ്സിലാക്കുന്നത്.

ഗവര്‍ണ്ണർ മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ ഏതു പ്രവര്‍ത്തിയും നടത്താനാകൂ എന്ന് ആര്‍ട്ടിക്കിള്‍ 163 അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണ്ണര്‍ക്ക് ഇക്കാര്യത്തില്‍ ഒരുവിധ സ്വതന്ത്രമായ അധികാരവും ഇല്ലെന്നര്‍ത്ഥം. മന്ത്രിസഭയ്ക്കാവട്ടെ ആര്‍ട്ടിക്കിള്‍ 317 പ്രകാരം സുപ്രീംകോടതിയുടെ അന്വേഷണ വിചാരണയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ തീരുമാനവും എടുക്കാന്‍ കഴിയില്ല. അതായത് പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഗവര്‍ണ്ണര്‍ ചെയ്തുവെച്ചിട്ടുള്ളത്. പി.എസ്.സി ഒരു തുടര്‍ച്ചയാണ്. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ നിലവിലുള്ള പി.എസ്.സി അംഗങ്ങളെയും ചെയര്‍മാനെയും പുറത്താക്കുന്ന പതിവില്ല. അവരുടെ കാലാവധി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പി.എസ്.സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണ്ണറുടെ ഈ നിയമവിരുദ്ധ നടപടിയില്‍ നിലപാട് വ്യക്തമാക്കണം.

ഗവര്‍ണ്ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ? സംസ്ഥാന സര്‍ക്കാരിന്റെ ഫെഡറല്‍ അധികാരങ്ങളില്‍ യൂണിയന്‍ സര്‍ക്കാരിന്റെ ഏജന്‍റായി നിരന്തരം ഗവര്‍ണ്ണര്‍മാരെ ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്. അതിന്റെ കൂടി ഭാഗമായാണ് ഇതിനെ കാണേണ്ടത്. ഇപ്പോള്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും മുന്‍വിധിയോടെയും നിലവിലുള്ള പി.എസ്.സിയെ പിരിച്ചുവിടാന്‍ ഗവര്‍ണ്ണറുടെ ഈ നിയമവിരുദ്ധ പ്രവര്‍ത്തി മറയാക്കി സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അതോ ഗവര്‍ണ്ണറുടെ നിലപാടിനെ അപലപിക്കാന്‍ തയ്യാറുണ്ടോ? അതല്ല, ഗവര്‍ണ്ണര്‍മാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടിവരും. അമിതാധികാര പ്രവണതകൾക്ക് വഴിയൊരുക്കലാകും അത്.

പ്രശംസനീയമായ രീതിയില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പി.എസ്.സി. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ പത്തുവര്‍ഷം നിയമനം നല്‍കാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Governor’s action is illegal and an abuse of power -Pinarayi Vijayan
Next Story