തടഞ്ഞുവെച്ച നിയമനങ്ങൾ ഗവർണർ അംഗീകരിച്ചേക്കും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുന്നിൽ കണ്ട് സർക്കാർ തിരക്കിട്ട് ശിപാർശ ചെയ്ത ഉന്നതതല നിയമനങ്ങൾ പെരുമാറ്റചട്ടം പിൻവലിക്കുന്നതോടെ ഗവർണർ അംഗീകരിച്ചേക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ, പി.എസ്.സി അംഗങ്ങൾ, ഇൻഫർമേഷൻ കമീഷണർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ തുടങ്ങിയ പദവികളിലേക്കുള്ള നിയമനങ്ങളാണ് ഗവർണർ തടഞ്ഞത്.
ഉപലോകായുക്ത പദവിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായും നിയമ സെക്രട്ടറി കെ.ജി. സനൽകുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായും സി.പി.എം നേതാവ് അഡ്വ. ഹരിലാലിനെ ഇൻഫർമേഷൻ കമീഷണറായുമാണ് സർക്കാർ ശിപാർശ ചെയ്തത്.
എന്നാൽ, നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാർ ശിപാർശ അംഗീകരിച്ചാൽ മതിയെന്നാണ് ലോക്ഭവന്റെ നിലപാട്. നിയമന യോഗ്യതകളിൽ ഗവർണർ കർക്കശ നിലപാട് സ്വീകരിച്ചാൽ സർക്കാർ ശിപാർശകൾ പ്രതിസന്ധിയിലാകും.
ഇതിനിടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് തസ്തികയിയിലേക്ക് അഭിമുഖം നടത്താനുള്ള സർക്കാർ നീക്കം പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതിനൽകിയതിനെ തുടർന്ന് മാറ്റിവെക്കേണ്ടിവന്നു.
ഗവർണറേക്കാൾ ശമ്പളം പറ്റുന്ന പി.എസ്.സി അംഗങ്ങളായി നിയമിക്കപ്പെടുന്നവർ വി.സിക്ക് സമാന അക്കാദമിക് യോഗ്യതയുള്ളവരാകണമെന്നതടക്കം ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ നിയമനങ്ങൾ തടഞ്ഞതെന്നാണ് വിവരം.
ഉപലോകായുക്തയായി നിയമിക്കപ്പെട്ടവർക്ക് പുനർ നിയമനവിലക്ക് നിലനിൽക്കെ, വിരമിച്ചശേഷം തദ്ദേശ സ്ഥാപന ഓംബുഡ്സ്മാനായി നിയമിക്കുന്നത് അയോഗ്യതയാണെന്നും ജില്ല ജഡ്ജിയായ നിയമ സെക്രട്ടറിയെ ഹൈകോടതിയുടെ അനുമതി കൂടാതെ തെരഞ്ഞെടുപ്പ് കമീഷണറായി മന്ത്രിസഭ ശിപാർശ ചെയ്തത് ചട്ടവിരുദ്ധമാണെന്നും കാമ്പയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

