സിദ്ധാർഥിന്റെ മരണത്തിൽ ഗവർണർ പ്രഖ്യാപിച്ചത് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം
text_fieldsതിരുവനന്തപുരം: വെറ്ററിനറി യൂനിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചത് ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം. ഇതിനായി ജഡ്ജിയെ തേടി ഗവർണർ ഹൈകോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകും.
പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാൻസിലറെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തിരുന്നു. ഡോ.എം.ആർ.ശശീന്ദ്രനാഥിനെയാണ് യൂനിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തത്.
സിദ്ധാർഥൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ ഇന്ന് പിടിയിലായിരുന്നു. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവർ ഇന്നു പുലർച്ചെ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്.
സിൻജോ ജോൺസണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാൽ, അജയ് കുമാർ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസനാണ് മകനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് ഇന്നലെ വീട് സന്ദർശിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

