മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള പരമാവധി പേർക്ക് തൊഴിൽ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം- സജി ചെറിയാൻ
text_fieldsകൊച്ചി: സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള പരമാവധി പേർക്ക് തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പിന്റെ തൊഴിൽ തീരം കരിയർ കാറ്റലിസ്റ്റ് - നൈപുണ്യ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ തീരം പദ്ധതി പോലെ തീരദേശത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഒരു പദ്ധതി നടപ്പാക്കുന്നത് ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശത്തെ നിത്യ ദാരിദ്ര്യം അവസാനിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് തൊഴിൽ തീരം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അതിനു പുറത്തുള്ള മറ്റൊരു തൊഴിൽ എങ്ങനെ നൽകാം എന്ന ചിന്തയായിരുന്നു ഇതിന് കാരണം. ഭാഷ, ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളൽ, തൊഴിലിന് അനുസൃതമായ നൈപുണ്യ വികസനം എന്നീ കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാൽ ഈ പദ്ധതി പൂർണമായും ലക്ഷ്യം കാണും.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ എട്ട് വർഷത്തിനിടെ 86 പേരാണ് തീരദേശ മേഖലയിൽ നിന്ന് ഡോക്ടർമാരായത്. നിരവധി എഞ്ചിനീയർമാരുണ്ടായി. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ, വിദ്യാഭ്യാസം, ക്ഷേമം, ഭവനം എന്നിവ അടങ്ങുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. തീരദേശ മേഖലയിൽ ഇതിനോടകം 24,000 വീടുകളാണ് നൽകിയത്. വാസയോഗ്യമല്ലാത്ത വീടുകൾ നവീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ കാര്യത്തിൽ സങ്കുചിത മനോഭാവം ഇല്ലാതെ ഒന്നിച്ച് നിന്നാൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈപ്പിൻ റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ (റാംസ്) നടന്ന ചടങ്ങിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. വിജ്ഞാന തൊഴിൽ മേഖലയിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യം കുറവാണെന്നും അത് മനസിലാക്കിയാണ് ഫിഷറീസ് വകുപ്പ് തൊഴിൽ തീരം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ വായനശാലകളെ ഇ-ലേണിംഗ് കേന്ദ്രങ്ങളാക്കുന്ന പ്രതിഭാ തീരം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത വായനശാലകൾക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങളും, വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് നിബിൻ, മിനി രാജു, അസീന അബ്ദുൽ സലാം, നീതു ബിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ ജയൻ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ എസ്. മഹേഷ്, ഡോ. ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി ഡയറക്ടർ പി. മാജ ജോസ്, കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എസ് രാധാകൃഷ്ണൻ, റാംസ് ബിസിനസ് സ്കൂൾ എക്സി. ഡയറക്ടർ സി.എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ അഭ്യസ്‌തവിദ്യരെ നൈപുണ്യപരിശീലനത്തിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽതീരം. 37,000-ത്തിൽ കൂടുതൽ പേരാണ് ഇതിനോടകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നൈപുണ്യ പരിശീനം നൽകിയ ശേഷം തീരദേശ മണ്ഡലങ്ങളിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ച് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ച് ഉദ്യോഗാർത്ഥികളുടെ ഇന്റ൪ർവ്യൂ പ്രകടനം ഉൾപ്പടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 46 തീരദേശ നിയോജകമണ്ഡലങ്ങളിലും 'കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം' എന്ന പേരിൽ ദ്വിദിന നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്കിൽ ഗ്യാപ് അനാലിസിസ്, ഓറിയന്റേഷൻ, നൈപുണ്യ പരിശീലന കോഴ്‌സ് പരിചയപ്പെടുത്തൽ, മോക്ക് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ, കരിയർ ഗൈഡൻസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

