പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് പ്രതിഷേധാർഹം - മുസ്‌ലിം ലീഗ്
text_fieldsകോഴിക്കോട്: പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച ഒഴിവുദിനമായി പ്രഖ്യാപിക്കണമെന്നും മുസ്‍ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം.
നേരത്തേ സർക്കാർ കലണ്ടർ പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യം. ‘ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു’വെന്നും പി.എം.എ സലാം പറഞ്ഞു. അതിനിടെ, വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി കവര്‍ന്നത് പ്രതിഷേധാര്‍ഹമെന്ന് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഭാരവാഹികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
