കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചുമാറ്റിയ പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന രണ്ട് പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചായിരുന്നു അപകടം. ഈ അപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സക്കാണ് പൊലീസ് വെൽഫയർ ബ്യൂറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.
അഞ്ച് ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും. സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തരമന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

