‘ഡോ. ഹാരിസിനോട് സർക്കാർ പ്രതികാരം ചെയ്യുന്നു’; നടപടി അപലപനീയമെന്നും സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിനോട് സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഹാരിസിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞപ്പോൾ സംസ്ഥാന സർക്കാറിനുണ്ടായ നാണക്കേടിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ നിന്നത് അന്നേ മനസ്സിലാക്കിയതാണ്. ഹാരിസ് വെളിപ്പെടുത്തിയ യാഥാർഥ്യങ്ങൾ അംഗീകരിച്ച് അത് പരിഹരിക്കുന്നതിന് പകരം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയിൽ ആക്കാനാണ് ശ്രമിച്ചത്. അതിൽ അവർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ നടപടിയുമായി മുന്നോട്ടു പോകുന്നത്. അധികാര ദുർവിനിയോഗമാണിത്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുകയും പ്രതികാര നടപടിയെടുക്കുകയും ചെയ്യുന്ന പിണറായി സർക്കാറിന്റെ നയങ്ങൾ അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി ഒരാഴ്ചയായി നിരപരാധികളായ കന്യാസ്ത്രീകളെ ബി.ജെ.പി ഭരണകൂടം ജയിലിൽ അടച്ചിരിക്കുകയാണ്. പാവപ്പെട്ട ആളുകളെ സഹായിക്കാനും അവർക്ക് ജോലി നൽകാനും ശ്രമിച്ചതിന്റെ പേരിലാണ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കുറ്റങ്ങൾ ചുമത്തി അവരെ അറസ്റ്റ് ചെയ്തത്. ആതുരസേവന രംഗത്തും ജീവകാരുണ്യ മേഖലയിലും അവർ നടത്തുന്ന ശ്രമങ്ങളെ മതപരിവർത്തനമെന്ന് ആരോപിക്കുന്നത് ബി.ജെ.പിയുടെ തെറ്റായ നടപടിയാണ്. എത്രയും വേഗം കന്യാസ്ത്രീകളെ മോചിപ്പിക്കാൻ നടപടി ഉണ്ടാകണം. ഈ വിഷയത്തിലുള്ള ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ജനം വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

