ഗവർണർക്കെതിരായ നിയമോപദേശത്തിന് സർക്കാർ മുടക്കുന്നത് 46.9 ലക്ഷം രൂപ
text_fieldsഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമോപദേശം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 46.9 ലക്ഷം രൂപ. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഫാലി എസ്. നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.
നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രക്ക് 9.9 ലക്ഷം രൂപയും സഫീര്‍ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നല്‍കും. നരിമാന്റെ ക്ലര്‍ക്ക് വിനോദ് കെ. ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഗവർണറും സർക്കാറും തമ്മിലുള്ള പോര് ദിനംപ്രതി കടുക്കുകയാണ്. മേയറെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എം.എം മണി എം.എൽ.എ അടക്കം രംഗത്തെത്തിയിരുന്നു.
''രാജ്ഭവനിൽ ഗവർണറുടെ ഇഷ്ടത്തിന് ആളുകളെ നിയമിക്കുന്നു. കേരളത്തിന് ആർ.എസ്.എസുകാരെ അടക്കമുള്ളവരെ പോറ്റേണ്ട ബാധ്യതയാണ്. ഈ പണം കേന്ദ്രത്തിന്റെയോ ഗവർണറുടെയോ സ്വത്തല്ല. കോൺഗ്രസ് ഗവർണർക്ക് കുഴലൂത്ത് നടത്തുകയാണ്''– മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും ഗവർണറുടെ പാദസേവകരായി മാറിയെന്നും എം.എം.മണി പറഞ്ഞു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ ഗവർണർ രാഷ്ട്രപതിക്ക് കത്ത് അയക്കണമെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

