സഹകരണനിയമത്തിൽ സമഗ്ര ഭേദഗതി പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്തെ സഹകരണനിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശിപാർശ പരിഗണനയിലുള്ളതായി സർക്കാർ ഹൈകോടതിയിൽ. ഇടപാടുകളിൽ വീഴ്ചയുണ്ടായാൽ മാനേജിങ് കമ്മിറ്റി അംഗങ്ങളടക്കം ബന്ധപ്പെട്ടവർക്കെതിരെയെല്ലാം കർശന നടപടി സ്വീകരിക്കാനാവുംവിധമുള്ള ഭേദഗതിയാണ് പരിഗണനയിലുള്ളത്. കോടതി ഉത്തരവുണ്ടായിട്ടും സ്ഥിര നിക്ഷേപം തിരികെ നൽകാൻ മാവേലിക്കര സഹകരണ ബാങ്ക് തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
വീഴ്ച വരുത്തുന്ന മാനേജിങ് കമ്മിറ്റി അംഗങ്ങളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് പുറമെ ഇവർക്കെതിരെ ക്രിമിനൽ നടപടികളും വേണമെന്ന് നേരേത്ത കോടതി ഉത്തരവിട്ടിരുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചത് അഭിനന്ദനീയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്ന് വനിത ജീവനക്കാർ നടത്തിയ ക്രമക്കേടിനെത്തുടർന്നാണ് മാവേലിക്കര സഹകരണ ബാങ്ക് പ്രതിസന്ധിയിലായതെന്നും മുൻ ഭരണസമിതിക്കും ജീവനക്കാരികൾക്കുമെതിരെ ക്രിമിനൽ കേസെടുത്തതായും സർക്കാർ അറിയിച്ചു. അറസ്റ്റിലായ ഇവരെ കോടതി റിമാൻഡ് ചെയ്തെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും വിശദീകരിച്ചു. ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തിൽ സഹകരണ രജിസ്ട്രാർ പി.ബി. നൂഹിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കുന്നതായി കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

