തുടർച്ചയായി വൈദ്യുതി ഷോക്ക് കൈയൊഴിഞ്ഞ് സർക്കാർ
text_fieldsതിരുവനന്തപുരം: യൂനിറ്റിന് 19 പൈസ സർചാർജിന് പിന്നാലെ വൈദ്യുതി നിരക്ക് വർധനയും ഉടൻ. നിലവിലെ നിരക്കിന് ജൂൺ 30 വരെയാണ് പ്രാബല്യം. അതിന് മുമ്പ് അടുത്ത നാല് വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് റെഗുലേറ്ററി കമീഷൻ പ്രഖ്യാപിക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ കമീഷൻ അന്തിമ നടപടികളിലാണ്. കെ.എസ്.ഇ.ബി 760 കോടി രൂപ ലാഭത്തിലാണെന്ന് വകുപ്പ് മന്ത്രിയും ചെയർമാനും സർക്കാറും വീമ്പ് പറയുമ്പോഴാണ് മറുവശത്ത് ജനത്തെ പിഴിയുന്നത്.
ഒന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് സംസ്ഥാന സർക്കാർ. വർഷങ്ങളുടെ ഇടവേളകളിലാണ് മുമ്പ് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ വർഷവുമുണ്ട്. ഫിക്സഡ് ചാർജ് എല്ലാ വർഷവും വർധിപ്പിച്ച് വൻ വരുമാന മാർഗമാക്കി. പുതിയ കേന്ദ്ര നിയമംകൂടി വന്നതോടെ റെഗുലേറ്ററി കമീഷൻ അനുമതിയില്ലാതെതന്നെ വിതരണ കമ്പനിക്ക് (ഇവിടെ കെ.എസ്.ഇ.ബി) സർചാർജ് മാസാമാസം സ്വമേധയ നിശ്ചയിച്ച് പിരിച്ചെടുക്കാം. ഇതിന്റെ അന്തിമ ഉത്തരവ് വന്നയുടൻ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയും ചെയ്തു.
ഇക്കൊല്ലം ഏപ്രിലിൽ വൈദ്യുതി വിതരണം ചെയ്തതിൽ 26.55 കോടി അധിക ബാധ്യത വന്നെന്ന് കാണിച്ചാണ് ജൂൺ ഒന്ന് മുതൽ യൂനിറ്റിന് 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ സർചാർജ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തികവർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള 248.04 കോടി രൂപയാണ് ജൂൺ ഒന്ന് മുതൽ യൂനിറ്റിന് ഒമ്പത് പൈസ വീതം സർചാർജായി ഈടാക്കുന്നത്. 21 പൈസ വീതം ഈടാക്കണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യം.
കഴിഞ്ഞ ഏപ്രിൽ-ജൂണിലെ 87.07 കോടി രൂപ യൂനിറ്റിന് ഒമ്പത് പൈസ നിരക്കിൽ പിരിച്ചെടുത്തു. ഇതിന് പുറമെ ഇക്കൊല്ലം ജനുവരിമുതൽ മാർച്ചുവരെ വൻതുക അധിക ബാധ്യത വന്നെന്ന കണക്കുമായി കെ.എസ്.ഇ.ബി ഉടൻ കമീഷന് മുന്നിലെത്തും. ഇപ്പോൾ 19 പൈസ വീതം നൽകുന്ന സർചാർജിന് പുറമെ കൂടുതൽ ബാധ്യത ആസന്നമാണ്. അധികമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമ്പോൾ മുമ്പ് വല്ലപ്പോഴും ഏർപ്പെടുത്തിയിരുന്നതാണ് സർചാർജ്.
നാലുവർഷ വർധനയിൽ ഒന്നിച്ച് തീരുമാനം
കഴിഞ്ഞവർഷം വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ചിരുന്നു. അടുത്ത നാല് വർഷവും വൈദ്യുതി നിരക്കും ഫിക്സഡ് ചാർജും കുത്തനെ കൂട്ടാനാണ് നീക്കം. കമീഷൻ വൈകാതെ ഇതിൽ തീരുമാനമെടുക്കും. കമീഷൻ അംഗീകരിക്കുന്ന നിരക്കിന് പുറമെ എല്ലാ മാസവും സർചാർജും നൽകേണ്ട സ്ഥിതിവരും.
2023-24ൽ യൂനിറ്റിന് 40.64 പൈസ വീതം വർധിപ്പിച്ച് 1044.43 കോടി രൂപ ഈടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡ് ആവശ്യം. (ഇതുവഴി തുടർവർഷങ്ങളായ 2024-25ൽ 1092.16 കോടിയും 2025-26ൽ 1145.33 കോടിയും 2026-27ൽ 1202.55 കോടിയും അധികം ഈടാക്കണം).
• 2024-25ൽ 834.17 കോടിയുടെ വർധനയാണ് ശിപാർശ. യൂനിറ്റിന് 31 പൈസ വീതം വർധിപ്പിക്കണം. (ഇതുവഴി തുടർവർഷങ്ങളായ 2025-26ൽ 873.98 കോടിയും 2026-27ൽ 917.64 കോടിയുമടക്കം 2625.80 കോടിയും ബോർഡിന് ലഭിക്കും).
• 2025-26ൽ 472.64 കോടിയുടെ വർധനക്കാണ് നിർദേശം. യൂനിറ്റിന് 16.77 പൈസ വീതം വർധന. (ഇതുവഴി 2026-27ൽ 496.25 കോടികൂടി ലഭിക്കും).
• 2026-27ൽ 29.80 കോടിയുടെ വർധനയാണ് ശിപാർശ. യൂനിറ്റിന് ഒരു പൈസയുടെ വർധന.
• ഫിക്സഡ് ചാർജ് വീടുകളിൽ സിങ്കിൾ ഫേസ് കണക്ഷന് 0.50 യൂനിറ്റിന് മാസം 35ൽ നിന്ന് 40 രൂപയാക്കണം.
• 51-100 യൂനിറ്റുവരെ 55ൽ നിന്ന് 80 ആയും 101-150ന് 70ൽ നിന്ന് 90 രൂപയായും 151-200ന് 100ൽനിന്ന് 120 രൂപയുമായും വർധിപ്പിക്കണം.
• 250 വരെയുള്ളവർക്ക് 110ൽനിന്ന് 120 ആയും 0-300 വിഭാഗത്തിൽ 130ൽനിന്ന് 140 ആയും 0-350 വിഭാഗത്തിൽ 150ൽനിന്ന് 200 ആയും 0-400 വിഭാഗത്തിൽ 175ൽനിന്ന് 200 ആയും വർധിപ്പിക്കണം.
• 500ന് മുകളിൽ 225ൽനിന്ന് 255 ആയി വർധിപ്പിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

