കിരണിന്റെ കുതിപ്പിന് കരുത്തേകാൻ 2.64 ലക്ഷത്തിന്റെ സൈക്കിൾ സമ്മാനിച്ച് സർക്കാർ
text_fieldsസ്പോട്സ് സൈക്കിൾ അനുവദിച്ച ഉത്തരവ് മന്ത്രി കെ. രാധാകൃഷ്ണൻ കിരൺ കൃഷ്ണന് കൈമാറുന്നു
സൈക്ലിങ് താരം കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ സമ്മാനിച്ച് സർക്കാർ. ഊട്ടിയിൽ പരിശീലനത്തിനിടെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സർക്കാർ സാധ്യമാക്കിയ വിവരം കിരൺ അറിയുന്നത്. ബുധനാഴ്ച മാതാപിതാക്കളായ കൃഷ്ണൻ കുട്ടിക്കും കവിതക്കുമൊപ്പമെത്തി മന്ത്രി കെ. രാധാകൃഷ്ണനിൽനിന്ന് സൈക്കിൾ അനുവദിച്ച ഉത്തരവ് ഏറ്റുവാങ്ങി. കിരണിനാവശ്യമായ പരിശീലനത്തിന് സഹായം നൽകാനും കാര്യവട്ടം എൽ.എൻ.സി.പി ഡയറക്ടറോട് മന്ത്രി നിർദേശിച്ചു.
അമേരിക്കൻ കമ്പനിയായ ഡൊളാൻ ലേറ്റെപ്പിന്റെ കാർബൺ ഫ്രെയിം സൈക്കിൾ വാങ്ങാനാണ് പട്ടികജാതി വകുപ്പിന്റെ ശിപാർശയിൽ 2,64,547 രൂപ അനുവദിച്ചത്. 8.2 കിലോയാണ് സൈക്കിളിന്റെ ഭാരം.
2014ൽ ഒമ്പതിൽ പഠിക്കുമ്പോൾ കൊല്ലം ജില്ലാ ചാമ്പ്യനായ കിരണാണ് തുടർന്നിങ്ങോട്ട് എല്ലാ വർഷവും ജേതാവ്. ഫാത്തിമാ മാതാ കോളജിൽ പഠിക്കുമ്പോൾ പരിശീലനത്തിന് എൻ.സി.സിയുടെ സഹായം ലഭിച്ചിരുന്നു. കോളജ് പഠനം കഴിഞ്ഞതോടെ അവർ നൽകിയ സൈക്കിൾ തിരികെ വാങ്ങി. ഇതോടെയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. അടുത്ത സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കഠിന പരിശീലനത്തിലാണ് കിരൺ. 30 കിലോമീറ്റർ സ്ക്രാച്ച് റേസാണ് ഇഷ്ട ഇനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

