ഇ. ശ്രീധരന്റെ നിർദേശവുമായി സർക്കാർ മുന്നോട്ടുപോകില്ല; ബദൽ പാത വേണ്ട
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്ക് പകരം ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പാത നിർദേശവുമായി സർക്കാർ മുന്നോട്ടുപോകില്ല. ബദൽ പാത സംബന്ധിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ബുധനാഴ്ച സർക്കാറിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ മന്ത്രിസഭ യോഗവും വിഷയം പരിഗണിച്ചു. പദ്ധതി അപൂർണമാണെന്നും അനുയോജ്യമായ സാമ്പത്തിക മാതൃകയല്ലെന്നുമാണ് വിദഗ്ധ സമിതി നിലപാട്.
കേരളത്തിന്റെ പരിമിത സാമ്പത്തിക വിഭവശേഷിയും പദ്ധതിയുടെ കൃത്യമായ സാധ്യതകൾ, യാത്രക്കാരുടെ എണ്ണം എന്നിവ തിട്ടപ്പെടുത്താത്തതിനാലും പാരിസ്ഥിതിക-സാമൂഹികാഘാത പഠനങ്ങൾ നടത്താത്തതിനാലും ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമഗ്രമായ പദ്ധതി രേഖ തയാറാക്കുംമുമ്പ് സ്ഥലപരിശോധനകളോ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ ഭൂതല നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളോ ആരംഭിക്കരുതെന്നാണ് വിദഗ്ധ സമിതി നിർദേശം. പദ്ധതിയുടെ യഥാർഥ ആവശ്യകതയും വിശാലമായ ബഹുമുഖ സാമ്പത്തിക പ്രാധാന്യവും തെളിയിക്കണമെന്നും കമ്മിറ്റി പറഞ്ഞു.
റിപ്പോർട്ടിനെ കുറിച്ച് സർക്കാർ വിശദമായി പഠിക്കുമെന്നും ബദൽ മാർഗങ്ങളും മറ്റു കാര്യങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കെ-റെയിലിലേത് പോലെ അനുമതിക്കോ പഠനത്തിനോ മുമ്പ് ഭൂമിയേറ്റെടുക്കലിലേക്ക് നീങ്ങിയ അബദ്ധം ആവർത്തിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർന്നു.
സർക്കാർ പിന്മാറാനുള്ള കാരണങ്ങൾ
1. ഇ. ശ്രീധരന്റെ ബദൽ പാത യാത്രാസർവിസുകളെ മാത്രം കേന്ദ്രീകരിച്ചാണ്. ചരക്കുനീക്കത്തെക്കുറിച്ച് പരാമർശങ്ങളില്ല.
2. കൃത്യമായ സാമ്പത്തിക മാതൃക തയാറാക്കിയില്ല. പദ്ധതിയുടെ ചെലവ് നിലവിലെ ധനസ്ഥിതിയിൽ കടമെടുപ്പിലൂടേയേ കണ്ടെത്താനാകൂ. വലിയ തുക കടം വരും. അത് എത്രയെന്ന് റിപ്പോർട്ട് കണക്കാക്കിയിട്ടില്ല. ബിസിനസ് മോഡലിലാണ് ചെയ്യുന്നതെങ്കിലും തിരിച്ചടവിനുള്ള വിഹിതം പോലും കിട്ടണമെന്നില്ല.
3. ബദൽ പദ്ധതിയിൽ യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയില്ല. ഈ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കരുതെന്നാണ് വിദഗ്ധ സമിതി നിർദേശം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ ആഘാതം ഏൽപ്പിക്കാത്തതും പാരിസ്ഥിതികമായി അനുയോജ്യമായവുമായ പദ്ധതി വേണമെന്നാണ് സർക്കാർകാഴ്ചപ്പാട്.
4. ഭൂമി ലഭ്യത സംബന്ധിച്ച കൃത്യ കണക്കുകൾ റിപ്പോർട്ടിലില്ല. നിലവിലുള്ളതും ഭാവിയിൽ വികസിക്കപ്പെടുന്നതുമായ സംവിധാനം വേണം. കെ-റെയിലിനെ പാരിസ്ഥിതിക ദുരന്തമെന്നാണ് യു.ഡി.എഫ്. വിലയിരുത്തിയത്. അതിനാൽ മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് തുടക്കം കുറിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

