പുരാവസ്തു തട്ടിപ്പ് കേസിൽ കോടതിയുടെ ഇടപെടൽ പരിധി വിടുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. മോൻസൺ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാണ്. കോടതി ഇടപെടൽ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
മോൻസൺ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ പരാമർശങ്ങൾ വന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിലുള്ള പങ്കിനെക്കുറിച്ചും വിശദീകരണം നൽകണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. ഉന്നത ഇടപെടലുകൾ മൂടിവയ്ക്കാൻ ശ്രമിക്കരുതെന്നു സർക്കാരിന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ഇ.ഡി.യുടെയും സി.ബി.ഐയുടെയുമൊക്കെ ഇടപെടലിനെതിരെയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.