കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായംഗത്തെ നിയമിക്കാൻ ഭരണസമിതി തീരുമാനം
text_fieldsഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ഈഴവ സമുദായ അംഗമായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനെ നിയമിക്കാൻ ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനം. കഴകം തസ്തിക റാങ്ക് പട്ടിക ചോദ്യം ചെയ്ത ഹരജി ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് നിയമനവുമായി മുന്നോട്ടുപോകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ കെ.എസ്. അനുരാഗിന് നിയമന ഉത്തരവ് പോസ്റ്റലായി അയച്ചുനൽകുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റാങ്ക് പട്ടികയിൽനിന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ നിയമനത്തെ ചോദ്യംചെയ്ത് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ അടക്കമുള്ളവർ നൽകിയ ഹരജികളാണ് കഴിഞ്ഞ ദിവസം ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കഴകം നിയമനം പാരമ്പര്യാവകാശമാണെന്ന് പറഞ്ഞാണ് വാരിയം കുടുംബാംഗം ഹൈകോടതിയെ സമീപിച്ചത്.
ഹരജി തള്ളിയ സാഹചര്യത്തിൽ നിയമനം നടത്താൻ ഭരണസമിതി തീരുമാനിച്ചതായും ഹരജിക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അഡ്വ. സി.കെ. ഗോപി പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്വ. കെ.ജി. അജയകുമാർ, വി.സി. പ്രഭാകരൻ, കെ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2025 ഫെബ്രുവരി 24ന് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലുവിനെ റാങ്ക് ലിസ്റ്റിൽനിന്ന് നിയമിച്ചതോടെയാണ് കഴകം സംബന്ധിച്ച വിഷയം ഉയർന്നത്. ഈഴവ സമുദായക്കാരൻ കഴക പ്രവർത്തിക്കാരനായി ചുമതലയേറ്റത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് തന്ത്രിമാർ പ്രതിഷേധം ആരംഭിക്കുകയും ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പിന്നീട് ബാലു അവധിയിൽ പോകുകയും ഓഫിസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് വിഷയം ഹൈകോടതിയിലെത്തിയതും വിധിയുണ്ടാകുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

