കോളജിലെ ഡി.ജെ പാർട്ടിക്കിടെ പെൺകുട്ടികൾ കുഴഞ്ഞുവീണു
text_fieldsമഞ്ചേരി: കോളജിലെ ഡി.ജെ പാർട്ടിക്കിടെ 10 പെൺകുട്ടികൾ കുഴഞ്ഞുവീണു. മഞ്ചേരി കോഓപറേറ്റിവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടനുബന്ധിച്ചു നടത്തിയ പാർട്ടിക്കിടയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികളെ വരവേൽക്കുന്നതിനാണ് ഫ്രഷേഴ്സ് ഡേ നടത്തിയത്. ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സ്ഥലം ഒരുക്കിയാണ് പാർട്ടിക്ക് സൗകര്യം ഒരുക്കിയിരുന്നത്. ഇതിനകത്ത് ചൂടും കൂടുതൽ സമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
ആദ്യം ഒരു വിദ്യാർഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണു. ഒമ്പത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെ വന്ന ഒരു കുട്ടി ആശുപത്രിയിൽ വെച്ചും കുഴഞ്ഞുവീണു.
ആരുടെയും നില ഗുരുതരമല്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. ശബ്ദ ക്രമീകരണത്തിനുവേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ചു മറച്ചതെന്ന് അധ്യാപകർ പറഞ്ഞു. ചില വിദ്യാർഥികൾക്ക് നേരത്തേ ശാരീരിക പ്രയാസങ്ങളുമുണ്ടായിരുന്നതായും അധ്യാപകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

