കാമുകനൊപ്പം പോയ യുവതിയെ മാതാവും ഭർത്താവും ചേർന്ന് കൊലപ്പെടുത്തി
text_fieldsകുമളി: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ചെന്നൈക്ക് പോയ യുവതിയെ തിരികെ കൊണ്ടുവന്ന് കൊലപ്പെടുത്തി. തേനി ജില്ലയിലെ ഉത്തമപാളയത്താണ് സംഭവം. യുവതിയുടെ അമ്മയുടെ സഹായത്തോടെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തമ പാളയം രായപ്പൻപ്പെട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം. രായപ്പൻപെട്ടി കാളിയമ്മൻ തെരുവിൽ കല്യാൺ കുമാറിെൻറ ഭാര്യ രഞ്ജിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കല്യാൺ കുമാർ (32), രഞ്ജിതയുടെ അമ്മ കവിത (50), ബന്ധു ആനന്ദകുമാർ (35) എന്നിവരെ ഉത്തമ പാളയം ഡിവൈ.എസ്.പി ഉമാദേവി, ഇൻസ്പെക്ടർ മായൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.
കെട്ടിട നിർമാണ തൊഴിലാളിയായ കല്യാൺ കുമാർ സഹോദരി പുത്രിയായ രഞ്ജിതയെ ഒമ്പത് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇവർക്ക് എട്ട് വയസ്സുള്ള മകളുണ്ട്. ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള വിവാഹിതനായ യുവാവുമൊത്ത് രഞ്ജിത സൗഹൃദത്തിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
രഹസ്യബന്ധത്തിെൻറ പേരിൽ വഴക്കായതോടെ ആഴ്ചകൾക്ക് മുമ്പ് രഞ്ജിതയെ കാണാതായി. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് രഞ്ജിതയെ ചെന്നൈയിൽനിന്ന് കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു. ഇതോടെ കല്യാൺ കുമാർ സഹോദരിയും രഞ്ജിതയുടെ അമ്മയുമായ കവിതയുമായി കൂടിയാലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
രഞ്ജിതയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ മകളുടെ കാലിൽ അമർത്തി പിടിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് രഞ്ജിത ആത്മഹത്യ ചെയ്തതായി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ ശേഷം ബന്ധുവായ ആനന്ദകുമാറിെൻറ (35) സഹായത്തോടെ ശ്മശാനത്തിലെത്തിച്ച് കത്തിച്ചു.
സംശയം തോന്നി ചിലർ അറിയിച്ചതോടെ പൊലീസ് എത്തി പാതി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിലാണ് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയം കോടതി റിമാൻഡ് ചെയ്തു.