വധുവിന്‍റെ അമ്മക്കുള്ള തട്ടിപ്പുകേസ് ബന്ധം തന്നെ ബാധിക്കില്ല- വിശദീകരണവുമായി മന്ത്രി ആർ. ബിന്ദു
text_fieldsതൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു. തന്‍റെ വിദ്യാര്‍ഥിയും സഹപ്രവർത്തകയുടെ മകനുമാണ് വരന്‍. പാർട്ടിക്കുടുംബത്തിലെ ഒരു മിശ്ര വിവാഹം എന്ന നിലക്കാണ് വിവാഹത്തിൽ പങ്കെടുത്തത്. അത്തരം വിവാഹങ്ങളില്‍ ഇനിയും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ലതാ ചന്ദ്രന്‍റെ മകന്‍റെ വിവാഹത്തിനാണ് താന്‍ പോയത്. വർഷങ്ങളായുള്ള വ്യക്തിബന്ധമാണ് വരന്‍റെ അമ്മയുമായി ഉള്ളത്. വിവാഹത്തില്‍ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നുമില്ല. വധുവിന്റെ അമ്മയ്ക്ക് തട്ടിപ്പുകേസുമായി ബന്ധം ഉണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിലാണ് മന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.