ധനഉത്തരവാദിത്ത നിയമം കാറ്റിൽപ്പറത്തി; ലക്ഷ്യം നേടാനാവാത്തതിനാൽ നിയമം ഭേദഗതി ചെയ്തത് നാലുവട്ടം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ധനക്കമ്മിയും കടബാധ്യതകളും നിയന്ത്രിക്കുന്നതിനുമായി രൂപവത്കരിച്ച ധനഉത്തരവാദിത്ത നിയമം (എഫ്.ആർ.ബി.എം) പാലിക്കുന്നതിൽ വലിയ വീഴ്ചയെന്ന് ധവളപത്രം. എഫ്.ആർ.ബി.എം നിയമപ്രകാരം 2014-15 മുതൽ റവന്യൂ കമ്മി പൂജ്യമായി നിലനിർത്തണമെന്നും 2020-21 മുതൽ റവന്യൂ മിച്ചം കണ്ടെത്തണമെന്നും അനുശാസിക്കുന്നുണ്ട്.
എന്നാൽ ഈ ലക്ഷ്യം ഇതുവരെ ഒരിക്കൽപോലും കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. 2019-20 ഓടെ റവന്യൂ കമ്മി ഇല്ലാതാക്കേണ്ടിയിരുന്നെങ്കിലും കോവിഡ് കാലമൊഴികെ ഓരോ വർഷവും ലക്ഷ്യമിട്ടതിനേക്കാൾ 1.5 മുതൽ അഞ്ച് ശതമാനം വരെ കൂടുതലായിരുന്നു യഥാർഥ റവന്യൂ കമ്മി. കേരളത്തിന്റെ കടബാധ്യത തുടർച്ചയായ എട്ട് വർഷങ്ങളിൽ എഫ്.ആർ.ബി.എം നിശ്ചയിച്ച പരിധിക്ക് മുകളിലായിരുന്നു.
15ാം ധനകാര്യ കമീഷൻ നിർദേശിച്ച 33 ശതമാനം എന്ന കടം-ജി.എസ്.ഡി.പി അനുപാതം ഈ പരിധിയും കടന്നു എന്നതാണ് കേരളത്തിന്റെ നിലവിലെ അവസ്ഥ. 2025-26ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 33.32 ആയി തുടരുകയാണ്. നിശ്ചയിച്ച സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാതെ വരുമ്പോൾ ചട്ടങ്ങൾ പാലിക്കുന്നതിന് പകരം ലക്ഷ്യങ്ങളിൽ മാറ്റംവരുത്തുന്നതിന് എഫ്.ആർ.ബി.എം നിയമം ഭേദഗതി ചെയ്യുകയായിരുന്നു. 2011, 2018, 2021, 2022 എന്നീ വർഷങ്ങളിലായി നാല് തവണ ഇത്തരത്തിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് സാമ്പത്തിക ചട്ടങ്ങളുടെ വിശ്വസനീയതയെ തകർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

