ആദ്യ വിക്കറ്റ് വീണു; ആത്മവിശ്വാസത്തിൽ പ്രതിപക്ഷം
text_fieldsമന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭയിലെ അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ ആദ്യ വിക്കറ്റ് തെറിപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ പ്രതിപക്ഷം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ ഉജ്ജ്വല വിജയത്തിന്‍റെ ആവേശം കെട്ടടങ്ങും മുമ്പാണ് മന്ത്രി സജി ചെറിയാനെ തെറിപ്പിക്കാൻ യു.ഡി.എഫിന് സാധിച്ചത്. ഇത് നിയമസഭക്കുള്ളിലും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ പോരാട്ടത്തിന് കരുത്തുകൂട്ടും.
സ്വർണക്കടത്തിലെ വെളിപ്പെടുത്തൽ അടക്കം കാറും കോളും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. സ്വർണക്കടത്തിന്‍റെ വിവാദച്ചുഴിയിൽ അകപ്പെട്ട മുഖ്യമന്ത്രിയെ ഉന്നമിട്ടാണ് പ്രതിപക്ഷ നീക്കം. അതിനിടയിലാണ് ഭരണഘടന അവഹേളനമെന്ന അത്യന്തം പ്രഹരശേഷിയുള്ള ആയുധം കിട്ടിയത്.
ഞായറാഴ്ചയാണ് വിവാദപ്രസംഗം അരങ്ങേറിയത്. പുറത്തുവരാൻ വൈകിയെങ്കിലും വിഷയത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി പ്രതിപക്ഷം ഏറ്റെടുത്തു. ഇതോടെ, മന്ത്രിയെ പ്രതിരോധിക്കാനുള്ള ആയുധമില്ലാതെ ഭരണപക്ഷം കുഴങ്ങി. അതിനാലാണ് ഭരണപക്ഷത്തിന്‍റെ മുൻകൈയിൽ നിയമസഭ മുടങ്ങുന്ന അത്യപൂർവ സാഹചര്യം രൂപപ്പെട്ടത്. ഇരട്ടിയിലേറെ വരുന്ന അംഗബലത്തിൽ എല്ലാ പ്രതിബന്ധങ്ങളും മറികടക്കാമെന്ന ധാരണക്ക് ഏറ്റ തിരിച്ചടി. മന്ത്രിയെ തെറിപ്പിക്കാൻ എല്ലാ വഴികളും തേടുമെന്ന ഉറച്ച നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ഭരണകക്ഷിക്ക് നിലയില്ലാതായി.
സജി ചെറിയാന്റെ പ്രസംഗം ആർ.എസ്.എസ് നിലപാടാണെന്ന ആരോപണം ഉയർത്തി സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് യു.ഡി.എഫ് നീക്കം. വിവാദ പ്രസംഗം സജി തള്ളിപ്പറഞ്ഞിട്ടുമില്ല. വിഷയത്തിൽ സി.പി.എം ഇനിയും വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

