കന്നിവോട്ടർക്ക് ഹൽവ ലഭിച്ചില്ല; സ്പീഡ് പോസ്റ്റിൽ അയച്ചുനൽകി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവല്ല: കന്നിവോട്ട് ചെയ്തപ്പോൾ സമ്മാനമായി ഹൽവ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട വോട്ടർക്ക് ഹൽവ സ്പീഡ് പോസ്റ്റിൽ അയച്ച് നൽകി തെരഞ്ഞെടുപ്പ് കമീഷൻ. കോട്ടയം ബസേലിയസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമ്പ്രം അമിച്ചകരി ചോതിയകടവിൽ എട്ടിൽ ആരോൺ ഫിലിപ്പ് ജേക്കബിനാണ് (19) ഇന്നലെ തപാലിലൂടെ ഹൽവയെത്തിയത്. ഇപ്പോൾ താമസിക്കുന്ന സ്ഥലമായ കോട്ടയം ദേവലോകം അരമന ക്യമ്പസിലാണ് ഹൽവ എത്തിയത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ 178ാം ബൂത്തായ അമിച്ചകരി മാർത്തോമ്മാ എൽ.പി സ്കൂളിലായിരുന്നു ആരോണിന്റെ വോട്ട്. തെരഞ്ഞെടുപ്പ് കമീഷൻ കന്നി വോട്ടർമാർക്ക് സമ്മാനമായ ഹൽവ നൽക്കുമെന്ന് പറഞ്ഞതിനാൽ വോട്ടു ചെയ്യുന്ന സ്കൂളിലെത്തി സമ്മാനം ചോദിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രമാണ് സമ്മാനം നൽക്കുന്നതെന്നായിരുന്നു മറുപടി. മറുപടിയിൽ നിരാശനായ ആരോൺ മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ, ജില്ല കലക്ടർ എന്നിവർക്ക് ആരോൺ ഇ–മെയിൽ സന്ദേശം അയച്ചു.
നൽകിയ വാഗ്ദാനം പാലിക്കാത്തത് പരിശോധിക്കണമെന്നും ഭാവിയിൽ നീതിയും സുതാര്യതയും ഉറപ്പാക്കണം എന്നുമായിരുന്നു ആരോണിന്റെ അഭ്യർഥന. ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് അഡിഷനൽ തെരഞ്ഞെടുപ്പ് ഓഫിസർ ഫോണിലൂടെ ബന്ധപ്പെട്ട് ഹൽവ എത്തിക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

