സ്വപ്നം തീരമണിഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പലിറങ്ങി
text_fieldsവിഴിഞ്ഞം തുറമുഖത്ത് ഷെന്‍ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തില്‍ സ്വീകരിക്കുന്നു ഫോട്ടോ: പി.ബി. ബിജു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നാളിതുവരെ കാണാത്ത ആഹ്ലാദത്തിൽ. ഒടുവിൽ, കാത്തിരുന്ന ചരിത്ര നിമിഷം യാഥാർത്ഥ്യമായി. ആദ്യ കപ്പലിറങ്ങി. തുറമുഖത്തിന് ആവശ്യമായ മൂന്ന് ക്രെയിനുകളുമായാണ് കപ്പൽ നങ്കൂരമിട്ടത്. ഗുജറാത്തിലെ മുന്ദ്രതീരത്തുനിന്നാണ് ഷെൻഹുവ 15 കപ്പൽ എത്തിയത്. ലോകത്തിന്റെ വാണിജ്യകവാടമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ തലസ്ഥാനത്തെത്തുന്നത്. വിനോദസഞ്ചാര മേഖലക്കും വൻ മുതൽക്കൂട്ടാണിത്. ഇന്ത്യയിലെ കടൽമാർഗമുള്ള വിനോദ സഞ്ചാരഹബായും തിരുവനന്തപുരം മാറിയേക്കും.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമാണ് ഷെൻഹുവ 15 കപ്പലിനെ വരവേറ്റത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. 500 പേർക്കിരുന്ന് പരിപാടി വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിെൻറ ഭാഗമായി. ഇടവക പ്രതിനിധികളും സംബന്ധിച്ചു.
വിഴിഞ്ഞം തുറമുഖത്തിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബൈ, സിംഗപ്പുർ, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.
ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ഗുണഫലങ്ങൾ സംസ്ഥാനത്തിന് ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയിൽ ക്രൂയിസ് ടൂറിസം പദ്ധതിക്കും സർക്കാർ ആലോചിക്കുന്നുണ്ട്. വിഴിഞ്ഞത്തെ മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച് പുതിയ വ്യവസായങ്ങൾ വികസിപ്പിക്കാനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ. 40 വർഷത്തേക്കാണ് തുറമുഖം നടത്തിപ്പ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ലഭിക്കുക. 15ാം വർഷം മുതൽ ആകെ വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വർഷവും ഒരുശതമാനംവീതം വർധിക്കും. തുറമുഖത്തോട് അനുബന്ധിച്ച് റിന്യൂവബൾ എനർജി പാർക്ക് സ്ഥാപിക്കുന്നതിനും സർക്കാർ ആലോചിക്കുന്നുണ്ട്. തിരമാല, സൗരോർജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദനത്തിനായി വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

