മെസ്സി ‘വരും’ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, ഒരുപക്ഷെ റൊണാൾഡോയും
text_fieldsഎ.ഐ ചിത്രം
കോട്ടയം: ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലുള്ള വമ്പൻതാരങ്ങൾ മുതൽ ലോകനേതാക്കൾ വരെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്ഥാനാർഥികൾക്കായി വോട്ട് ചോദിക്കാൻ എത്തുന്നു! നേരിട്ടുള്ള വരവല്ല, നിർമിതബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്ന (എ.ഐ) വിഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയുമാണ് ഈ ‘സെലിബ്രിറ്റി താരപ്രചാരകർ’ അരങ്ങുവാഴുന്നത്.
ഇത് ഡീപ്ഫേക്കിന്റെ കാലമല്ലേ
എ.ഐ സാങ്കേതികത വന്നതിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ലോകത്തെ ഏത് പ്രമുഖ വ്യക്തിയുടെയും രൂപവും ശബ്ദവും കൃത്യമായി അനുകരിച്ച് (വോയ്സ് ആൻഡ് വിഡിയോ ക്ലോണിങ്) സ്ഥാനാർഥികൾക്കുവേണ്ടി സംസാരിക്കുന്ന ‘ഡീപ്ഫേക്’ വിഡിയോകളാണ് കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്നത്.
ചെലവ് കുറഞ്ഞ നിർമാണം: മുമ്പ് വലിയ സാങ്കേതിക വിദഗ്ധരുടെയും എഡിറ്റർമാരുടെയും സഹായം ആവശ്യമുള്ള വിഡിയോ നിർമാണങ്ങൾ, ഇപ്പോൾ എ.ഐ ടൂളുകൾ ഉപയോഗിച്ച് സ്ഥാനാർഥികളുടെ ഐ.ടി സെല്ലുകൾക്കോ സോഷ്യൽ മീഡിയ വളന്റിയർമാർക്കോ എളുപ്പത്തിൽ ചെയ്യാനാകും. ഇത് പ്രചാരണച്ചെലവ് ഗണ്യമായി കുറക്കും.
മുതിർന്ന നേതാക്കളെ തിരികെകൊണ്ടുവരൽ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഡീപ്ഫേക് വിഡിയോ പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ഡീപ്ഫേക്കിന് പാർട്ടി എതിരല്ലാത്തതിനാൽ താഴെത്തട്ടിലുള്ളവരും ഇത്തവണ അനുകരിച്ചേക്കും. മൺമറഞ്ഞ ജനകീയ നേതാക്കളിൽ പലരും വോട്ട് ചോദിച്ചെത്തും. ഇത് വൈകാരികമായ വോട്ടുപിടിത്തത്തിന് സഹായിക്കുന്ന തന്ത്രമാണ്. എ.ഐ ഉപയോഗിച്ച് ഒരു ദേശീയ നേതാവിന്റെ പ്രസംഗംപോലും, കൃത്യമായ പ്രാദേശിക മൊഴിവഴക്കത്തോടെ പരിഭാഷപ്പെടുത്തി അവതരിപ്പിക്കാൻ സാധിക്കും.
ഉള്ളടക്ക നിർമാണം
വോട്ട് ചോദിക്കലിൽ മാത്രം ഒതുങ്ങുന്നില്ല എ.ഐയുടെ പങ്ക്. പ്രചാരണത്തിന്റെ മുഴുമേഖലകളിലും എ.ഐ മാറ്റത്തിന്റെ ശക്തിയായി മാറുകയാണ്. എ.ഐ ഇമേജ് ജനറേറ്ററുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കകം ആകർഷക പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സുകൾ, സ്ഥാനാർഥിയുടെ ചിത്രങ്ങൾ എന്നിവ നിർമിക്കാം. വികസനസ്വപ്നങ്ങളും ആശയങ്ങളും ത്രിമാനമികവിൽ അവതരിപ്പിക്കാം. ചാറ്റ് ജി.പി.ടി, ജെമിനൈ പോലുള്ള ബൃഹദ്ഭാഷ മോഡലുകൾ ഉപയോഗിച്ച് സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനും പാർട്ടിയുടെ ആശയങ്ങൾക്കും അനുയോജ്യമായ പ്രചാരണ മുദ്രാവാക്യങ്ങൾ, പ്രസംഗങ്ങൾ മുതൽ പ്രാദേശിക ഈണങ്ങൾക്കനുസരിച്ചുള്ള പ്രചാരണ ഗാനങ്ങൾപോലും തയാറാക്കാൻ സാധിക്കും.
വോട്ടർമാരുടെ മുൻഗണനകൾ, ജനസംഖ്യാപരമായ വിവരങ്ങൾ, സോഷ്യൽ മീഡിയയിലെ സംവാദങ്ങൾ എന്നിവ വിശകലനംചെയ്യാൻ എ.ഐ ഉപയോഗിക്കാം. ഇത് സ്ഥാനാർഥികൾക്ക് വോട്ടർമാരിലേക്ക് കൂടുതൽ ഫലപ്രദമായി സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കും.
വെല്ലുവിളികളേറെ
എ.ഐ പ്രചാരണത്തെ ആകർഷകമാക്കുമ്പോൾതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഡീപ്ഫേക് വിഡിയോകളും ശബ്ദസന്ദേശങ്ങളും ഉപയോഗിച്ച് എതിർ സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്നതോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിർമിക്കാൻ എളുപ്പമാണ്. എ.ഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമായ മാർഗരേഖയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

