Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid vaccination
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 18...

സംസ്​ഥാനത്ത്​ 18 വയസ്സിന്​ മുകളിലുള്ള എല്ലാവർക്കും സെപ്​റ്റംബർ 30നകം ആദ്യ ഡോസ്​ വാക്​സിൻ

text_fields
bookmark_border

തിരുവനന്തപുരം: സെപ്റ്റംബര്‍ 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 18 വയസ്സിന്​ മുകളിലുള്ള 78.03 ശതമാനം പേര്‍ക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേര്‍ക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.

കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ നിന്നും വ്യത്യസ്തമായി നിരവധി പുതിയ പ്രതിസന്ധികള്‍ രണ്ടാം തരംഗത്തിന്‍റെ കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആശ്വാസം നല്‍കുന്ന സാഹചര്യമാണ് നിലവിൽ. സെപ്റ്റംബര്‍ മൂന്ന്​ മുതല്‍ ഒമ്പത്​ വരെയുള്ള കാലയളവില്‍, ശരാശരി സജീവ കേസുകള്‍ 2,42,278 ആണ്. അതില്‍ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട്​ ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ.

ആകെ രോഗികളില്‍ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവില്‍ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടി.പി.ആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാനിരക്ക് യഥാക്രമം എട്ട്​ ശതമാനവും പത്ത്​ ശതമാനവും കുറഞ്ഞിട്ടുണ്ട്.

ഐ.സി.എംആറിന്‍റെ ആദ്യ സെറൊ പ്രിവലന്‍സ് പഠനം കണ്ടെത്തിയത് പ്രകാരം ഒന്നാംതരംഗ കാലത്ത് രോഗബാധിതരായവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവായിരുന്നു എന്നാണ്. സംസ്ഥാനത്ത് ഏകദേശം 11 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായത്. അതിന്‍റെ ഇരട്ടിയായിരുന്നു ദേശീയ ശരാശരി.

രോഗം വരാത്തവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ഡെല്‍റ്റാ വകഭേദം ആഞ്ഞടിച്ച രണ്ടാം ഘട്ടത്തില്‍ ഏറ്റവും പെട്ടെന്ന് രോഗം പടര്‍ന്നുപിടിച്ച് വലിയ നാശം വിതക്കാന്‍ ഏറ്റവും സാധ്യതയുള്ള ഇടം നമ്മുടെ സംസ്ഥാനമായിരുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും നഗരഗ്രാമ അന്തരമില്ലായ്മയും വയോജനങ്ങളുടെയും ജീവിതശൈലീ രോഗമുള്ളവരുടെയും ഉയര്‍ന്ന അനുപാതവുമെല്ലാം ഇവിടെ മരണനിരക്ക് വലിയ തോതില്‍ ഉയര്‍ത്തേണ്ടതായിരുന്നു. അത് സംഭവിക്കാതെ രണ്ടാം തരംഗത്തെയും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചു.

രോഗബാധയേല്‍ക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതിനാൽ തന്നെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ കൂടി. പക്ഷേ, ആ വർധനവ് ഒരിക്കലും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണങ്ങളെ മറികടന്ന്​ മുന്നോട്ടുപോയില്ല. രോഗബാധിതരാകുന്ന എല്ലാവര്‍ക്കും ആവശ്യമായ സംരക്ഷണവും ചികിത്സയും ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തി, നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ രോഗവ്യാപനത്തെ നിയന്ത്രിച്ചു. രണ്ടാം തരംഗത്തില്‍ പലയിടങ്ങളിലുമുണ്ടായ ദുരന്ത സമാനമായ സാഹചര്യം ഇവിടെ ഉണ്ടാകാതെ പോയത് അതുകൊണ്ടാണ്.

രോഗബാധിതരുടെ വർധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വർധിച്ചില്ല. അതുകൊണ്ട് ആശുപത്രിയില്‍ ചികിത്സക്ക്​ എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ നിലനിര്‍ത്തപ്പെട്ടു. അതിനൊരു മുഖ്യകാരണം മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്താന്‍ സാധിച്ചതാണ്.

ഏറ്റവും വേഗത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലഭിച്ച ഡോസുകള്‍ ഒട്ടും നഷ്ടപ്പെട്ട്​ പോകാതെ വിതരണം ചെയ്യാന്‍ സാധിക്കുന്നു. സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ലഭിച്ച ഡോസുകളേക്കാള്‍ കൂടുതല്‍ ഡോസുകള്‍ നല്‍കാനും നമുക്ക് കഴിയുന്നുണ്ട്. മരണമടഞ്ഞവരുടെ എണ്ണത്തില്‍ സ്വാഭാവികമായ വർധനവുണ്ടായെങ്കിലും, രോഗികളുടെ എണ്ണത്തില്‍ ഇത്ര വലിയ വർധനവുണ്ടായിട്ടും മരണനിരക്ക്​ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മരണമടഞ്ഞവരില്‍ തന്നെ 95 ശതമാനത്തിലധികവും വാക്സിനേഷന്‍ ലഭിക്കാത്തവരായിരുന്നു.

ഡെല്‍റ്റാ വൈറസിന്​ വാക്സിന്‍ ഉയര്‍ത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതില്‍ ഭയപ്പെടേണ്ടതില്ല. കാരണം വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വാക്സിന്‍ എടുത്തതിന് ശേഷം മരണമടഞ്ഞത്. അവര്‍ക്കിടയില്‍ പോലും രോഗം ഗുരുതരമാക്കാതിരിക്കാന്‍ വാക്സിന്‍ സഹായകരമാണ്. അതിനാല്‍ വാക്സിന്‍ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാര്‍ജ്ജിക്കാന്‍ എല്ലാവരും തയാറാകണം.

കോവിഡ് ബാധിച്ചവരില്‍ 20 ശതമാനം പേര്‍ക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്​ മുന്നില്‍ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ കോവിഡാനന്തര രോഗങ്ങള്‍ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ഗൗരവതരമായ ആലോചനകള്‍ നടന്നുവരികയാണ്. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വ്യവസായ-വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പാക്കണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും.

കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാർഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളജുകളിലെത്തുന്നതിന്​ മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർഥികള്‍ക്ക് വാക്സിന്‍ ലഭിക്കാൻ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.

കോളജ് വിദ്യാർഥികളുടെ വാക്സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്, വാക്സിന്‍ എടുക്കാത്ത വിദ്യാർഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആരും വാക്സിനെടുക്കാതെ മാറിനില്‍ക്കരുത്.

കോവിഡ് ഉയര്‍ത്തുന്ന ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. കോവിഡിനെതിരെയുള്ള എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് സുരക്ഷാകവചം തകരാതെ നോക്കിക്കൊണ്ട് വേണം നമുക്ക് മുന്നോട്ടു പോകാന്‍. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാന്‍ കഴിയുകയുള്ളൂ.

തീരുമാനങ്ങള്‍

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗം ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വാക്സിനേഷന്‍ 80 ശതമാനത്തോടടുക്കുകയാണ്. നിലവില്‍ 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു. 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. നിലവില്‍ ഏഴ് ലക്ഷം വാക്സിന്‍ കൈവശമുണ്ട്. നാളെയോടെ അത് കൊടുത്തുതീര്‍ക്കാനാകും. 45 വയസ്സിന്​ മുകളില്‍ പ്രായമുള്ളവരില്‍ 93 ശതമാനത്തിലധികം ആളുകള്‍ക്ക് ഒരു ഡോസ് വാക്സിനും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.

80 ശതമാനം ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്‍റിജന്‍ ടെസ്റ്റ് ചുരുക്കാനും ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് വർധിപ്പിക്കാനും നേരത്തെ തീരുമാനമെടുത്തിരുന്നു.

സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം സംസ്ഥാനം മുഴുവന്‍ നടപ്പാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്താം.

ഡബ്ലിയു.ഐ.പി.ആര്‍ നിരക്ക് എട്ടിന്​ മുകളിലുള്ള നഗര-ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഏഴ് ശതമാനത്തിന്​ മുകളില്‍ ഡബ്ലിയു.ഐ.പി.ആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് എട്ട്​ ശതമാനത്തിനു മുകളിലാക്കിയത്.

ക്വാറന്‍റീൻ ലംഘിക്കുന്നവരെ നിര്‍ബന്ധിതമായി ക്വാറന്‍റീനിലേക്കയക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. നിലവില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളില്‍നിന്നുള്ളവര്‍ ക്വാറന്‍റീൻ ലംഘിക്കുന്നത് കര്‍ശനമായി തടയും.

മറ്റു സംസ്ഥാനങ്ങള്‍ വിദ്യാർഥികൾക്ക്​ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആ വിഭാഗക്കാരുടെ വാക്സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാൻ ശ്രമിക്കും.

കോവിഡ് പോസിറ്റീവായി ക്വാറന്‍റീനിൽ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പൊലീസ് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്‍റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,419 വീടുകളില്‍ ഇത്തരം പരിശോധനകള്‍ നടത്തി.

കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴ്​ ദിവസത്തിനുള്ളില്‍ പൊലീസ് ഫോണ്‍ മുഖേന ബന്ധപ്പെട്ട് അവര്‍ ക്വാറന്‍റീനില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തിയത്.

അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ നടപടി ജില്ലാ കലക്ടർമാർ സ്വീകരിക്കും.

സ്വകാര്യ ആശുപത്രികളില്‍നിന്ന്​ പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്സിൻ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും വാങ്ങി വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സർവിസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്സിന്‍ ഇതിനകം സംഭരിച്ചു കഴിഞ്ഞു.

ഏതൊരു രോഗനിയന്ത്രണ പരിപാടിയിലും കേസ് കണ്ടെത്തല്‍ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവില്‍ പരിശോധന നടത്തുന്നുണ്ട്.

അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയില്‍ ആദ്യം അണുബാധയുണ്ടാവുന്നു. തുടര്‍ന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്സിനേഷനു ശേഷമുള്ള കാലഘട്ടത്തില്‍ ലോകമെങ്ങും, പകര്‍ച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാന്‍ ഇത് പരിവര്‍ത്തന നിരക്കായി (കണ്‍വേര്‍ഷന്‍ റേറ്റ്) കണക്കാക്കുന്നു.

നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.85 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളിലോ ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല.

ആശുപ്രതിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വൈകി ആശുപ്രതിയില്‍ എത്തി മരണം സംഭവിച്ചവരില്‍ ഏറ്റവുമധികം പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ചുള്ളവരാണ്. അതിനാല്‍, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും, പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

മാത്രമല്ല, ചികിത്സ മാനദണ്ഡങ്ങൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം. വാക്സിനേഷന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്‍റിജന്‍ പരിശോധന അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരില്‍ വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്. ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationcovid
News Summary - The first dose of the vaccine will be given to everyone over the age of 18 by September 30
Next Story